Latest News

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കാത്ത് നില്‍ക്കാതെ സുശീല മരണത്തിന് കീഴടങ്ങി

പെരിയ:[www.malabarflash.com] സുമനസ്സുകളുടെ സഹായത്താല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രിക്രിയക്ക് കാത്ത് നില്‍ക്കാതെ സുശീല മരണത്തിന് കീഴടങ്ങി. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന പെരിയ കാലിയടുക്കം പട്ടികവര്‍ഗ്ഗ കോളനിയിലെ സുശീല (30) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

2011ല്‍ ഒരു വൃക്കയുടെ അസുഖം മൂലം ഡയാലിസിസ് ചെയ്ത് വരുന്നതിനിടെയാണ് രണ്ടാമത്തെ വൃക്കയും തകരാറിലാകുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടുന്ന തുക സ്വപ്നം കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഈ നിര്‍ദ്ധന കുടുംബം. ഇതിനിടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ സുശീലയുടെ പേരില്‍ ചികില്‍സാ കമ്മിറ്റി രൂപീകരിച്ചത്. പുല്ലൂര്‍ -പെരിയ പഞ്ചായത്തിന്‍റെയും മടിക്കൈ പഞ്ചായത്തിന്‍റെയും സഹകരണത്തോടെ സുശീലയ്ക്ക് വേണ്ടുന്ന എല്ലാ സഹായവും ചികില്‍സാ കമ്മിറ്റി നല്‍കി വരുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികില്‍സാ സഹായനിധിയില്‍ നിന്നും ഉള്‍പ്പെടെ നിരവധി സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിരുന്നു. സുശീലയുടെ കദന കഥയറിഞ്ഞ് അനുയോജ്യമായ വൃക്ക ദാനം ചെയ്യാന്‍ സുമനസ്സുകള്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ സുശീലയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ശസ്ത്രക്രിയ ചെയ്യാനായില്ല.

എച്ച്.നാരായണിയുടെയും പരേതനായ പൊക്ലന്‍റേയും മകളാണ്. സുനില്‍കുമാര്‍ സഹോദരനാണ്. മടിക്കൈ മലപ്പച്ചേരിയിലെ കൂലിപ്പണിക്കാരനായ ആനന്ദനാണ് ഭര്‍ത്താവ്. കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ ആറാംതരം വിദ്യാര്‍ത്ഥി അശ്വിന്‍ ഏക മകനാണ്.

മരണവിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, ജനപ്രതിനിധികളും വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് ശാരദ.എസ്.നായര്‍, വൈസ് പ്രസിഡന്‍റ് പി.കൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ ശശിധരന്‍ തന്നിത്തോട്, കൃഷ്ണകുമാര്‍ മീങ്ങോത്ത്, മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റ് സി.പ്രഭാകരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സി.കെ.അരവിന്ദന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ടി.രാമകൃഷ്ണന്‍, എ.ഗോവിന്ദന്‍നായര്‍, സി.രാജന്‍ പെരിയ, രാമകൃഷ്ണന്‍നായര്‍ നടുവില്‍വീട്, പ്രമോദ് പെരിയ, അഡ്വ.എം.കെ.ബാബുരാജ്, വി.കണ്ണന്‍, ചന്ദ്രശേഖരന്‍നായര്‍, സിപിഐ(എം) മടിക്കൈ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം വി.ടി.രത്നാകരന്‍, കെ.പി.ചന്ദ്രന്‍, എ.വി.രാജന്‍ മടിക്കൈ എന്നിവര്‍ സംസ്കാര ചടങ്ങില്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.