Latest News

വീട്ടമ്മയുടെ കൊല; അന്വേഷണം ഊര്‍ജിതപ്പെടുത്തി

കണ്ണൂര്‍:[www.malabarflash.com] വീട്ടമ്മ മോഷണത്തെത്തുടര്‍ന്നു കൊല്ലപ്പെട്ട കേസില്‍ അന്വേഷണത്തിനു തുമ്പൊന്നുമായില്ല. ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി. പ്രത്യേക അന്വേഷണ സ്‌ക്വാഡ് അംഗങ്ങളെ ഉള്‍പ്പെടുത്തി അന്യ സംസ്ഥാനങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും പ്രതികളെന്നു സംശയിക്കുന്നവരെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ 30 നു വൈകിട്ട് ഏഴിനാണ് ഇരിക്കൂര്‍ സിദ്ദീഖ്‌നഗറിലെ മെരടന്‍ കുഞ്ഞാമിനയെ അവരുടെ തന്നെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആഭരണങ്ങള്‍ കവര്‍ന്ന നിലയിലായിരുന്നു. കര്‍ണാടക സ്വദേശികളായ ഉമ്മയും മകനും മകളും അടങ്ങുന്ന കുടുംബം അന്നു രാവിലെയാണു താമസം ഒഴിഞ്ഞു പോയിരുന്നത്.

ഏപ്രില്‍ ഒന്നിന് ഒരു മാസത്തേക്ക് എന്നു പറഞ്ഞു താമസത്തിനെത്തിയ ഇവര്‍ ഒരു മാസം പൂര്‍ത്തിയായ ദിവസമാണ് ഒഴിഞ്ഞു പോയത്. രാവിലെ പോയ ഇവരുടെ മൊബൈല്‍ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലുള്ളതാണ് ഇവരാണു പ്രതികള്‍ എന്ന നിലയിലേക്ക് അന്വേഷണം നീങ്ങാനിടയാക്കിയത്. സിം കാര്‍ഡ് കര്‍ണാടകയിലേതാണെന്നു മനസിലായതിനാല്‍ പൊലീസ് അങ്ങോട്ടു നീങ്ങുകയായിരുന്നു.

സിം കാര്‍ഡ് ഉടമയെ ഗുണ്ടല്‍ പേട്ട് ചാമരാജ് നഗറില്‍ കണ്ടെത്തിയെങ്കിലും അവിടെയും വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിനു എടുത്തു നല്‍കിയതാണെന്നാണു പറയുന്നത്. ഇരിക്കൂറില്‍ നിന്നു മട്ടന്നൂര്‍ വഴി കൂത്തുപറമ്പിലേക്കു കടന്ന കുടുംബം പോകാന്‍ സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലേക്ക് അന്വേഷണം നടത്തുവാനുള്ള നീക്കത്തിലാണു പോലീസ്. 

കുഞ്ഞാമിനയുടെ മൃതദേഹം തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരിക്കൂറില്‍ ഖബറടക്കി. വാടക ക്വാര്‍ട്ടേഴ്‌സും പരിസരവും കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഫോറന്‍സിക് അധികൃതരും പരിശോധന നടത്തി.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.