Latest News

മൈസൂരുവിരാജ്‌പേട്ട സംസ്ഥാന പാതയില്‍ വീണ്ടും കവര്‍ച്ച

മൈസൂരു:[www.malabarflash.com] വാഹനയാത്രക്കാര്‍ക്കു പേടിസ്വപ്നമായി മൈസൂരുവിരാജ്‌പേട്ട സംസ്ഥാന പാതയില്‍ വീണ്ടും കവര്‍ച്ച സംഘങ്ങളുടെ വിളയാട്ടം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാത്രി ഇതുവഴി കടന്നുപോയ ധാരാളം പേരുടെ വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. കാടിനുള്ളില്‍ മറഞ്ഞിരുന്ന സംഘം നടത്തിയ കല്ലേറില്‍ തലശേരി കടവത്തൂര്‍ സ്വദേശി ഇസ്മായിലിന്റെ കാറിന്റെ ചില്ലു തകര്‍ന്നു. വാഹനം നിര്‍ത്താതെപോയതിനാല്‍ കവര്‍ച്ചക്കാരുടെ പിടിയില്‍പ്പെടാതെ രക്ഷപ്പെട്ടു.

ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനാണ് ഇസ്മായിലും കുടുംബാംഗങ്ങളും രാത്രി നാട്ടിലെ വീട്ടില്‍നിന്നു പുറപ്പെട്ടത്. പുലര്‍ച്ചെ രണ്ടിനു വിരാജ്‌പേട്ടയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍, കാടിനുള്ളില്‍നിന്നു പെട്ടെന്ന് റോഡിലേക്കിറങ്ങിയയാള്‍ കാറിനു നേരെ കല്ലെറിയുകയായിരുന്നു.

പിന്‍വശത്തെ ചില്ലു തകര്‍ന്നെങ്കിലും നിര്‍ത്താതിരുന്നതിനാല്‍ മാത്രമാണു രക്ഷപ്പെട്ടതെന്ന് ഇസ്മായില്‍ പറഞ്ഞു. ബെംഗളൂരു സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ കാറ്ററിങ് ഏജന്‍സി നടത്തുന്ന മാഹി പള്ളൂര്‍ സ്വദേശി നൗഫജാനിനു നേരെ മുളകുപൊടിയാണു കവര്‍ച്ച സംഘം എറിഞ്ഞത്. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ വിരാജ്‌പേട്ടയ്ക്കും ഗൊണിക്കൊപ്പയ്ക്കും ഇടയില്‍ റോഡിലെ ഹംപില്‍ കാര്‍ വേഗം കുറച്ചപ്പോള്‍ സഹായം ചോദിക്കാനെന്ന പേരില്‍ രണ്ട് പേര്‍ അടുത്തുചെന്നു. ഗ്ലാസ് താഴ്ത്തിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന പൊടി ഇവര്‍ കാറിനുള്ളിലേക്ക് എറിഞ്ഞു. പെട്ടെന്ന് വേഗം കൂട്ടി സ്ഥലംവിട്ട് നാലു കിലോമീറ്റര്‍ പിന്നിട്ട ശേഷം വാഹനം നിര്‍ത്തി നോക്കുമ്പോഴാണ് ദേഹത്തു മുഴുവന്‍ മുളക് പൊടിയാണ് വീണതെന്നു തിരിച്ചറിഞ്ഞത്. മുഖത്തും കണ്ണിലും വീഴാഞ്ഞതിനാല്‍ മാത്രമാണു രക്ഷപ്പെട്ടതെന്ന് നൗഫജാന്‍ പറയുന്നു.

കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടക് ഡിവൈഎസ്പിക്കു പരാതി നല്‍കി. കാപ്പിത്തോട്ടങ്ങളും കൃഷിയിടങ്ങളും മാത്രമുള്ള ഈ മേഖലയില്‍ രാത്രിയാത്രക്കാരെ ലക്ഷ്യമിട്ടാണ് കവര്‍ച്ചസംഘങ്ങള്‍ പതിയിരിക്കുന്നത്. 

ബന്ദിപ്പൂര്‍ വനത്തിലെ രാത്രി യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ ഏറെ ആശ്രയിക്കുന്ന പാതയാണിത്. 

മാസങ്ങള്‍ക്ക് മുന്‍പ് കുട്ട, ഗോണിക്കൊപ്പ മേഖലയില്‍ സമാന രീതിയില്‍ കവര്‍ച്ച പെരുകിയതോടെ മൈസൂരു എസ്പിയുടെ നേതൃത്വത്തില്‍ രാത്രി നടത്തിയ പരിശോധനയില്‍ ഏഴംഗ സംഘത്തെ പിടികൂടിയിരുന്നു. മഫ്തിയിലെത്തിയ പൊലീസുകാര്‍ സഞ്ചരിച്ച കാറിനു നേരെ കല്ലേറ് നടത്തിയപ്പോഴാണ് സംഘം കുടുങ്ങിയത്.

കാറിന്റെ ചില്ലിലേക്കു മുട്ടയെറിഞ്ഞു ശ്രദ്ധതിരിക്കുകയാണ് ഇവര്‍ ആദ്യം ചെയ്തിരുന്നത്. വാഹനം നിര്‍ത്തിയാല്‍ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ആവശ്യപ്പെടും. ഇടവേളയ്ക്ക് ശേഷം വീണ്ടും സമാന സംഭവങ്ങള്‍ അരങ്ങേറിയതോടെ ആശങ്കയോടെയാണ് പലരും ഇതുവഴി യാത്ര ചെയ്യുന്നത്.





Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.