മുംബൈ: [www.malabarflash.com] നവി മുംബൈയിലെ തിരക്കേറിയ റസ്‌റ്റോറന്റില്‍ നിന്നും ഭിക്ഷാടനത്തിനെന്ന പേരിലെത്തിയ സംഘം മേശയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയോളം കവര്‍ന്നു. സംഘം മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. നല്ല തിരക്കുള്ള സമയത്താണ് രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ട സംഘം കടയില്‍ കയറി മോഷ്ടിക്കുന്നത്. സ്ത്രീകള്‍ ധരിച്ചിരുന്ന ഷാള്‍ കൊണ്ട് മറ തീര്‍ത്ത ശേഷം ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ഉപയോഗിച്ച് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. പണം സൂക്ഷിച്ചിരുന്ന മേശ മേശവലിപ്പ് താക്കോലുപയോഗിച്ച് തുറന്ന് അതിലെ കാശ് മോഷ്ടിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. പെണ്‍കുട്ടി മോഷ്ടിക്കുന്നതിനിടെ ഇടക്ക് റസ്റ്റോറന്റിലെ വെയിറ്റര്‍ വരുമ്പോള്‍ സ്ത്രീകള്‍ പ്രതിരോധം തീര്‍ക്കുന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.പണം കാണാതായതിനെ തുടര്‍ന്ന് ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതെങ്ങനെയെന്ന് വ്യക്തമായത്. പ്രദേശത്തെ മറ്റ് നാല് കടകളില്‍ നിന്നും സമാനമായ രീതിയില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 20000 രൂപയോളം കടയില്‍ നിന്ന് നഷ്ടപ്പെട്ടെന്നാണ് കടയുടമയുടെ മൊഴി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സെവാരി റെയില്‍വേ സ്‌റ്റേഷന്‍ പരിസരച്ച് വെച്ച് രണ്ട് സ്ത്രീകളേയും കുട്ടികളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമതൊരു സ്ത്രീയെ കൂടി പിടികൂടാനുണ്ട്. സംഘത്തില്‍ പെട്ട രണ്ട് കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment