Latest News

കഞ്ചാവ് ഖത്തറിലെത്തിച്ചാല്‍ പ്രതീക്ഷിച്ചത് പതിമൂന്ന് ലക്ഷം രൂപ; മൂന്ന് പേര്‍ പിടിയില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] അമ്പലത്തറയില്‍ നിന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന കാറില്‍ നിന്ന് 12.88 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.

കഞ്ചാവ് ഖത്തറിലേക്ക് കടത്താനുള്ള തയ്യാറെടുപ്പിനിടയിലാണ് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വാഹന പരിശോധനക്കിടയില്‍ പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദിന്റെ മകന്‍ മൊയ്തീന്‍ ജെയ്ഷല്‍ (33), അമ്പലത്തറ പാറപ്പള്ളി സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ കെ. ഉബൈദ് (48), പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ കുഞ്ഞബ്ദുല്ലയുടെ മകന്‍ ടി.ഷെഫീഖ് (32) എന്നിവരില്‍ നിന്ന് ഹൊസ്ദുര്‍ഗ് പോലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കഞ്ചാവ് കടത്തുന്നതിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മാവുങ്കാല്‍ ദേശീയ പാതയില്‍വെച്ചാണ് ഈ സംഘത്തെ പിടികൂടിയത്.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൊച്ചിയിലെത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാവിലെ വിമാനത്തില്‍ ഉബൈദ് കഞ്ചാവുമായി പോകാനിരുന്നതാണ്. വാഹനത്തില്‍ നിന്ന് ഉബൈദിന്റെ പാസ്‌പോര്‍ട്ടും പോലീസിന് ലഭിച്ചു. 

ഇതിന് മുമ്പും പല തവണ ഈ സംഘം ഖത്തറിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് സൂചന. 

കുമ്പളയില്‍ നിന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ നല്‍കിയാണ് കഞ്ചാവ് വാങ്ങിയത്. ഇത് ചെറിയ പാക്കറ്റുകളിലാക്കി വിറ്റാല്‍ ഒരു കിലോവിന് കാല്‍ ലക്ഷം രൂപ ലഭിക്കും. ഖത്തറില്‍ എത്തിച്ചാല്‍ ഒരു കിലോവിന് ഒരു ലക്ഷം രൂപ ലഭിക്കുമെന്നാണ് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ച വിവരം.

മൂന്നുപേരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി. ജില്ലാ പോലീസ് മേധാവി ഡോ.എസ്.ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.സുനില്‍ ബാബു എന്നിവരുടെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ ടി.വി.ബിജു പ്രകാശ്, ജൂനിയര്‍ എസ്.ഐ ഏ.സി.രതീഷ്, ഡ്രൈവര്‍ ബിജു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വില്‍പ്പന സംഘത്തെ നാടകീയമായി പിടികൂടിയത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.