Latest News

പെരുമ്പാവൂരിലെ കൊലപാതകം: നടുക്കം മാറാതെ കേരളം

കൊച്ചി:[www.malabarflash.com] ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍വച്ച് അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച ഈ സംഭവത്തില്‍ കണ്ണൂനീര്‍ ഒഴുക്കാന്‍ മുന്നില്‍ നിന്നവരില്‍ മലയാളികളുമുണ്ടായിരുന്നു.

എന്നാല്‍, കേരളത്തില്‍ ഒരു ഡല്‍ഹി സംഭവത്തെ കവച്ചുവെക്കുന്ന അതിക്രൂരമായ ബലാത്സംഗവും കൊലപാതകവും അരങ്ങേറിയപ്പോള്‍ മലയാളികള്‍ നിസ്സംഗരായോ? തെരഞ്ഞെടുപ്പ് ചൂടില്‍ പെരുമ്പാവൂരില്‍ നടന്ന കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി രംഗത്തിറങ്ങാനോ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനോ ആരും തയ്യാറായില്ലെന്നത് മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്. 

ഇപ്പോല്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടലില്‍ ജിഷമോളുടെ കൊലപാതത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയാണ് ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടത്. ഡല്‍ഹി പെണ്‍കുട്ടി നേരിടേണ്ടി വന്നതിനേക്കാള്‍ ഭീകരമായ അനുഭവങ്ങളാണ് ഈ പെണ്‍കുട്ടി നേരിടേണ്ടി വന്നത്.

ജിഷമോള്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ക്രൂരമായ ബലാല്‍സംഗത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഒരാഴ്ച്ച മുമ്പാണ് ജിഷമോള്‍ കൊലചെയ്യപ്പെട്ടത്. എന്നിട്ടും ക്രൂരമായ കൊലപാതകത്തിന് പിന്നിലാരാണെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പടവെട്ടി ജീവിച്ച ജിഷമോളുടെ അരുംകൊലയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചൂടില്‍ എല്ലാവരും വിസ്മരിക്കുകയാണ്. 

ജിഷ പഠിച്ച ലോകോളേജിലെ ചില അദ്ധ്യാപകരും സഹപാഠികളും മാത്രമാണ് ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജിഷമോളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും ഇരുമ്പ് കമ്പിക്ക് അടിയേറ്റിരുന്നു. വയര്‍ കത്തികൊണ്ടു കീറി കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു. അടിയേറ്റ് മൂക്കു തെറിച്ചു പോയി. തലയ്ക്കു പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ബാര്‍ കൊണ്ടാകും അക്രമി ജിഷയെ ആക്രമിച്ചിരിക്കുകയെന്നാണ് സൂചന. 

മുറിയില്‍ മല്‍പ്പിടുത്തം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. ഒറ്റമുറി വീടാണ് ജിഷയുടേത്. വീട്ടിലെ തുണിത്തരങ്ങളും പാത്രങ്ങളും വാരിവലിച്ചിട്ടിരുന്നു. അതുകൊണ്ടു തന്നെയാണ് ബലാല്‍സംഗശ്രമത്തിനിടെ കൊല്ലപ്പട്ടതാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥി ജിഷാമോള്‍ കൊലചെയ്യപ്പെട്ടത് അതിക്രൂരമായ രീതിയിലെന്നു വെളിപ്പെടുത്തി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ജിഷാമോളുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജേശ്വരി രാത്രി എട്ടു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജിഷ മരിച്ചുകിടക്കുന്നത് കണ്ടത്. മരണപ്പെട്ട ജിഷയുടെ കഴുത്തിലും തലയ്ക്കും മാരകമായ മുറിവേറ്റിരുന്നതായും അടിവയറിലേറ്റ മര്‍ദനത്തിന്റെ ആഘാതത്തില്‍ വന്‍കുടലിനു മുറിവു പറ്റിയതായും പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. പിന്നീട് നടന്ന വിശദമായ തെളിവെടുപ്പിലും പോസ്റ്റുമോര്‍ട്ടത്തിലുമാണ് ആക്രമണത്തിന്റെ ഭീകരത പുറത്തുവന്നത്.

കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കില്‍ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് രാജേശ്വരിയും ജിഷയും താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടക്ക് വീട്ടു ജോലികള്‍ക്കു പോയി കുടുംബം പുലര്‍ത്തിയിരുന്നു എങ്കിലും പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിതാമസിച്ച് വരികയാണ്. ജിഷ എല്‍എല്‍ബി പരീക്ഷ എഴുതിയിരുന്നതാണ്. ചില വിഷയങ്ങളില്‍ തോറ്റതിനാല്‍ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജിഷ.

മൂത്തസഹോദരി വിവാഹബന്ധം വേര്‍പ്പെടുത്തി പുല്ലുവഴിയില്‍ മുത്തശിയുടെ കൂടെയാണ് താമസം. ജിഷയുടെ കൊലപാതക വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ JusticeForJisha എന്ന ഹാഷ് ടാഗില്‍ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. 

കേസിന്റെ ഗൗരവം കണക്കിലെടുത്ത് എറണാകളും റേഞ്ച് ഐജി മഹിപാല്‍ യാദവ് ,റൂറല്‍ എസ്പി യതീശ് ചന്ദ്ര എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കുറുപ്പംപടി ,പെരുമ്പാവൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. 

പ്രതിയെകുറിച്ചുള്ള ഒരു സൂചന പോലും പോലീസിന് ഇതേവരെ ലഭിച്ചിട്ടില്ല. വീട്ടിനുള്ളില്‍ നിന്ന് പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇതില്‍ പങ്കുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.