Latest News

റെയ്‌നയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു

ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയുടെ ഭാര്യ പ്രിയങ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കി. റെയ്‌നയും പ്രസവസമയം ഭാര്യയോടൊപ്പം അടുത്തുണ്ടായിരുന്നു. വിവാഹ ശേഷം റെയ്‌നയും കുടുംബവും നെതര്‍ലന്‍ഡ്‌സിലാണ് താമസം. ശ്രേയന്‍ഷി റെയ്‌ന എന്നാണ് റെയ്‌ന മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 ഏപ്രില്‍ മൂന്നിന് ന്യൂഡല്‍ഹി ലീല പാലസിലായിരുന്നു റെയ്‌നയും പ്രിയങ്ക ചൗധരിയുമായുള്ള വിവാഹം നടന്നത്.[www.malabarflash.com]

റെയ്‌നയുടെ കളിക്കൂട്ടുകാരിയും നെതര്‍ലന്‍ഡ്‌സിലെ ബാങ്കില്‍ ഉദ്യോഗസ്ഥയുമാണ് പ്രിയങ്ക. ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് റെയ്‌ന ഭാര്യയുടെ പ്രസവശുശ്രൂഷകള്‍ക്കായി നെതര്‍ലന്‍ഡിലേക്ക് പറന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റനാണ് റെയ്‌ന.

ഐപിഎല്ലില്‍ ഒരു മത്സരം പോലും നഷ്ടമാകാതെ കളിച്ചുവെന്ന റെക്കോഡ് ഇന്നലത്തെ മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയതോടെ റെയ്‌നക്ക് നഷ്ടമായി. വ്യാഴാഴ്ച്ച കൊല്‍ക്കത്തയ്‌ക്കെതിരെ കാണ്‍പൂരില്‍ നടക്കുന്ന മത്സരവും റെയ്‌നയ്ക്ക് നഷ്ടമായേക്കും.

29 കാരനായ റെയ്‌ന 2008 മുതല്‍ 2015 വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു. എന്നാല്‍ കോഴ വിവാദത്തില്‍ രണ്ട് വര്‍ഷത്തേക്ക് ചെന്നൈക്ക് വിലക്ക് നേരിടേണ്ടി വന്നത് മൂലം റെയ്‌ന അടക്കമുള്ള താരങ്ങളെ മറ്റ് ടീമുകള്‍ ലേലത്തില്‍ വാങ്ങുകയായിരുന്നു.

ഐപിഎല്ലില്‍ 143 മത്സരങ്ങള്‍ കളിച്ച റെയ്‌ന 3985 റണ്‍സ് നേടിയിട്ടുണ്ട് ഇതില്‍ 3699 റണ്‍സ് ചെന്നൈക്ക് വേണ്ടിയും 286 റണ്‍സ് ഗുജറാത്ത് ലയണ്‍സിന് വേണ്ടിയുമാണ്. 2013 ല്‍ ചെന്നൈ താരമായിരുന്നപ്പോള്‍ പഞ്ചാബിനെതിരെ പുറത്താകാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടി എന്ന റെക്കോഡും റെയ്‌നയുടെ പേരിലാണ്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.