Latest News

ജിഷ വധം: ക്യാമറ ദൃശ്യങ്ങളിൽ കൊലയാളിയെ തിരിച്ചറിഞ്ഞില്ല


കൊച്ചി: [www.malabarflash.com] പെരുമ്പാവൂർ ജിഷ വധക്കേസിൽ വട്ടോളിപ്പടിയിലെ കിസാൻ കേന്ദ്രയിലെ നിരീക്ഷണ ക്യാമറയിൽനിന്നു പൊലീസിനു ലഭിച്ച ദൃശ്യങ്ങളിൽ കൊലയാളിയെന്നു സംശയിക്കുന്നയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ ക്യാമറയിൽ പതിഞ്ഞ യുവതി ജിഷ തന്നെയാണെന്നു വസ്ത്രങ്ങൾ തിരിച്ചറിഞ്ഞ സമീപവാസികൾ പൊലീസിനെ അറിയിച്ചു.
കൊലപാതകം നടന്ന ഏപ്രിൽ 28ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പെരുമ്പാവൂർ ഭാഗത്തുനിന്നാണു ജിഷ വട്ടോളിപ്പടിയിൽ ബസ് ഇറങ്ങിയതെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡ് മുറിച്ചുകടക്കുന്ന ജിഷയെ പിന്തുടരുന്ന മഞ്ഞ ഷർട്ടുകാരൻ കൊലയാളിയാണെന്നാണു നിഗമനം. എന്നാൽ ദൃശ്യങ്ങളിൽ ഇയാളുടെ മുഖം പതിയാത്തതാണ് അന്വേഷണത്തിനു തിരിച്ചടിയായത്.
സംഭവദിവസം ജിഷ പെരുമ്പാവൂരിൽ പോയിട്ടുണ്ടെങ്കിൽ പല സ്വകാര്യ സ്ഥാപനങ്ങളുടെയും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. വട്ടോളിപ്പടിയിൽ മറ്റേതെങ്കിലും ക്യാമറകളുണ്ടോയെന്നും പരിശോധിച്ചു. പൊലീസിനു ലഭിച്ച മൊബൈൽ ഫോണിനു പുറമെ, ജിഷയ്ക്കു മറ്റൊരു ഫോൺ കൂടിയുണ്ടാവാനുള്ള സാധ്യതയും അന്വേഷിച്ചുതുടങ്ങി.
സംഭവദിവസം ജിഷ പുറത്തെ ഭക്ഷണവും ലഹരി കലർന്ന പാനീയവും കഴിച്ചതും കൊലപാതകവും പരസ്പരബന്ധമില്ലാത്ത രണ്ടു സംഭവങ്ങളാവാനും സാധ്യതയുണ്ട്. ഉച്ചയ്ക്കു ഭക്ഷണം കഴിച്ചതു പെരുമ്പാവൂരിലെ ഏതെങ്കിലും ഹോട്ടലിൽ നിന്നാണെങ്കിൽ അതിന്റെ ക്യാമറാ ദൃശ്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അന്നു പുറത്തുപോയത് എന്തിനാണ്, ഈ യാത്രയിൽ ആരെയെങ്കിലും നേരിൽ കണ്ടിരുന്നോ, എങ്കിൽ ആ കൂടിക്കാഴ്ചയ്ക്കു വേണ്ടി അയാളും ജിഷയും നടത്തിയ ആശയവിനിമയം എങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. എന്നാൽ ലഭിച്ച ഫോണിൽ ഇത്തരം ആശയവിനിമയം നടന്നിട്ടില്ല.
ജിഷ രണ്ടു വർഷം ജോലി ചെയ്ത സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്നത്തെ ബന്ധങ്ങൾ കണ്ടെത്താനാണു ശ്രമം. കൊല്ലപ്പെട്ടതിനു മുൻപോ ശേഷമോ ജിഷ പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നു കണ്ടെത്താൻ കഴിയാത്ത തരത്തിൽ രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച രീതിയാണ് അന്വേഷണം ആശുപത്രി കേന്ദ്രീകരിച്ചു നടത്താൻ പ്രേരിപ്പിക്കുന്നത്.
ഇടുക്കി കഞ്ഞിക്കുഴിയിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു വിട്ടയച്ച യുവാവിനെ ഇന്നലെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചു. ഇയാളുടെ ഡിഎൻഎ പരിശോധനയ്ക്കും നീക്കമുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.