Latest News

രക്ത ദാനത്തെ കുറിച്ചുള്ള 6 തെറ്റായ ധാരണകള്‍; അറിഞ്ഞിരുന്നാല്‍ മാത്രമേ ഈ തെറ്റിദ്ധാരണ പരക്കുന്നത് തടയാനാവൂ


[www.malabarflash.com] രക്തദാനം മഹാദാനം എന്ന് കരുതി രക്തം ദാനം ചെയ്യുന്ന നിരവധി പേരുണ്ട്. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ മൂലം രക്തം ദാനം ചെയ്യാന്‍ മടിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയില്‍. തെറ്റായ ഈ ധാരണകള്‍ തിരുത്തുന്നതിന് ബോധവല്‍ക്കരണം ആവശ്യമാണ്. എങ്കില്‍ മാത്രമേ അവശ്യ സമയത്ത് രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായി ആളുകള്‍ മുന്നോട്ടെത്തുകയുള്ളു. രക്തദാനം സംബന്ധിച്ച് ആള്‍ക്കാര്‍ക്കിടയിലുള്ള ആറ് തെറ്റിദ്ധാരണകള്‍ ഇവയാണ്.

1.രക്തദാനത്തിന് ശേഷം കായികാധ്വാനമുള്ള പണികള്‍ ചെയ്യുന്നത് അപകടകരമാണെന്ന തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ രക്തദാനത്തിന് ഒരു മണിക്കൂറിനകം തന്നെ ശരീരത്തിന് എന്നത്തേയും പോലെ പ്രവര്‍ത്തന സജ്ജമാകാന്‍ കഴിയും. സ്‌പോര്‍ട്‌സില്‍ പങ്കെടുക്കാനും കഠിനമായ ജോലി ചെയ്യാനുമൊന്നും ഇത് തടസ്സമാകില്ല.

2.മരുന്ന് കഴിക്കുന്നതിനാല്‍ രക്തം നല്‍കാന്‍ കഴിയില്ല എന്ന ധാരണയും ശരിയല്ല. ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഇല്ലാത്ത ആര്‍ക്കും രക്തദാനം നടത്താം.

3.രക്ത ദാനത്തിലൂടെ ശരീരത്തിന് നഷ്ടമാകുന്ന രക്തം വീണ്ടും ഉണ്ടാകാന്‍ ആറ് മാസമെടുക്കുമെന്ന ധാരണയും ശരിയല്ല. രക്തത്തിന്റെ അളവ് 10 മിനിട്ടിനകം വീണ്ടും ശരീരത്തില്‍ കൃത്യമാക്കപ്പെടും. എന്നാല്‍ രക്തത്തിലെ ഓരോ ഘടകങ്ങളും വീണ്ടും സമ്പൂര്‍ണ്ണമാകാന്‍ വ്യത്യസ്ത സമയമാണ് എടുക്കുക. പ്ലാസ്മ 24 മണിക്കൂറിനകവും പ്ലേറ്റ്‌ലെറ്റ്‌സ് 72 മണിക്കൂറിനകവും രക്തകോശങ്ങള്‍ രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണ്ണമാക്കപ്പെടും. എന്നാല്‍ അയണ്‍ സ്‌നപുഷ്ടമാകാന്‍ പുരുഷന്‍മാരില്‍ 12 ആഴ്ചയും സ്ത്രീകളില്‍ 16 ആഴ്ചയും സമയം വേണ്ടിവരും. മൂന്ന് മുതല്‍ നാല് മാസം വരെ സമയമെടുത്ത് വേണം അടുത്ത രക്തദാനത്തിന് ഒരുങ്ങാനെന്നു മാത്രം.

4. രക്തം നല്‍കുന്നത് ശരീരത്തെ ദുര്‍ബലമാക്കുമെന്ന് ധരിച്ചിരിക്കുന്നവരുമുണ്ട്. എന്നാല്‍ ആരോഗ്യമുള്ള ഒരു മനുഷ്യന് വര്‍ഷത്തില്‍ നാല് പ്രാവശ്യം രക്തം ദാനം ചെയ്യാന്‍ കഴിയും. ശരീരത്തിന് ഒരു ദോഷവും സംഭവിക്കില്ല. രക്തദാനത്തിനിടയില്‍ മിനിമം മൂന്ന് മാസത്തെ ഇടവേള നല്‍കണമെന്ന് മാത്രം.

5.ഒരു ദിവസം മുമ്പ് മദ്യപിച്ചുവെന്നതോ സിഗററ്റ് വലിച്ചുവെന്നതോ രക്തദാനത്തിന് തടസമായി ഉന്നയിക്കുന്നതും തെറ്റിദ്ധാരണയുടെ പുറത്താണ്. രക്തദാനത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഇതൊഴിവാക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. 24 മണിക്കൂറിനുള്ളില്‍ മദ്യപിക്കാതിരിക്കുന്നതും നല്ലത് തന്നെയാണ്.

6.ഹൈ ബിപി ഉള്ളതിനാല്‍ രക്തം ദാനം ചെയ്യാനാവില്ലെന്ന ചിന്തയും തെറ്റാണ്. രക്തം ദാനം ചെയ്യുന്ന സമയത്ത് ബ്ലഡ് പ്രഷര്‍ ലെവല്‍ 180 സിസ്റ്റോളികിനും 100 ഡിസ്‌റ്റോളികിനും ഇടയിലായിരിക്കുന്നിടത്തോളം ധൈര്യമായി ബ്ലഡ് ഡൊണേറ്റ് ചെയ്യാം.

ഇവ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും രക്തം ദാനം ചെയ്യുകയും വേണം. നിങ്ങളുടെ ഒരു തീരുമാനം ഒരു ജീവന്‍ രക്ഷിക്കാന്‍ ഇടയാക്കുമെന്ന് തിരിച്ചറിയുക.

Keywords: Blood Donation, Blood Bank, Health News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.