Latest News

ഉദ്യോഗസ്ഥ അഴിമതിക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് പിണറായി


തിരുവനന്തപുരം: [www.malabarflash.com] അഴിമതിയും കെടുകാര്യസ്ഥതയും സർക്കാർ ഉദ്യോഗസ്ഥ മേഖലയെ കാര്യമായി ബാധിച്ചെന്നും അഴിമതിക്കാരെ ഉപദേശിച്ചു നന്നാക്കാൻ കഴിഞ്ഞില്ലെങ്കിൽ അക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചാൽ നടപടി ഉറപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് എന്ന വിഷയത്തിൽ കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എത്ര കിട്ടിയാലും മതിവരാത്ത ചിലരുണ്ട്.
ഇവരുടെ ചെയ്തികൾ കാരണം ദുഷ്പേരു മുഴുവൻ സർവീസ് മേഖലയ്ക്കാണ്. ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തിയെടുക്കാൻ സംഘടനകൾക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും സിവിൽ സർവീസിനെ ജനപക്ഷമാക്കി മാറ്റാൻ സാധിച്ചിട്ടില്ല. ഭരണക്രമത്തിൽ ബ്രിട്ടീഷ് സമ്പ്രദായ രീതിയാണ് ഇപ്പോഴും തുടരുന്നതെന്ന കാരണമാണു മാറ്റത്തിനു തടസ്സമായി സംഘടനകൾ പലപ്പോഴും ഉന്നയിക്കുന്നത്. എന്നാൽ, കോളനി വാഴ്ചക്കാലത്തെ ചട്ടങ്ങളിലും നിയമങ്ങളിലും സമൂലമായ മാറ്റം വന്നു കഴിഞ്ഞെന്ന കാര്യം മറക്കരുത്.
സർക്കാരിന്റെ ക്ഷേമ പദ്ധതികളും സേവനങ്ങളും സമയബന്ധിതമായി ജനങ്ങളിലെത്തിക്കാൻ ഉദ്യോഗസ്ഥർ യത്നിക്കണം. ഭരണപരിഷ്കരണം ഇൗ സർക്കാരിന്റെ മുഖ്യലക്ഷ്യമാണ്. ജീവനക്കാരുടെ മാന്വൽ പരിഷ്കരിക്കും. ജില്ലാ തലത്തിൽ പരിഹരിക്കേണ്ട പ്രശ്നങ്ങളാണു സെക്രട്ടേറിയറ്റിലേക്കും മന്ത്രിമാരുടെ ഓഫിസിലേക്കും എത്തുന്നതെന്നു കഴിഞ്ഞ ഒരു മാസംകൊണ്ടു വ്യക്തമായി. ഇതിനു മാറ്റമുണ്ടാകണം. ജനപക്ഷത്തുനിന്നു വേണം ചട്ടങ്ങൾ വ്യാഖ്യാനിക്കാൻ.
ഭരണരംഗത്തു വലിയ പുനഃക്രമീകരണമാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യ നടപടിയായി എല്ലാ സംഘടനകളുടെയും യോഗം വിളിക്കും. ഓഫിസുകളുടെ അകവും പുറവും വൃത്തിയായും അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മുഖ്യമന്ത്രിയുടെ അര മണിക്കൂർ പ്രസംഗത്തിൽ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നും ശമ്പള പരിഷ്കരണം അഞ്ചു വർഷം കൂടുമ്പോൾ നടപ്പാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾക്കു മാത്രമാണ് എൻജിഒ യുണിയൻ അംഗങ്ങൾ കയ്യടിച്ചത്.
യൂണിയൻ പ്രസിഡന്റ് പി.എച്ച്.എം.ഇസ്മായിൽ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, യൂണിയൻ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി, എൻജിഒ അസോസിയേഷൻ പ്രസിഡന്റ് എൻ.രവികുമാർ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ടി.എസ്.രഘുലാൽ എന്നിവർ പ്രസംഗിച്ചു.

Keywords: Pinarayi Vijayan, Cheif Minister, Corruption, CM, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.