Latest News

വിദ്യാർഥിസംഘട്ടനത്തിൽ കാഴ്ച നഷ്ടപ്പെട്ട സംഭവം: പ്രതികൾ 4.20 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി


ചാവക്കാട്: [www.malabarflash.com] കാലിക്കറ്റ് സർവകലാശാല ഡിഗ്രി പരീക്ഷ എഴുതിക്കൊണ്ടിരിക്കെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് യൂണിയൻ ചെയർമാൻ എബിവിപി നേതാവ് കെ.എസ്.സനൂപിനെ ആക്രമിച്ച് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ 4.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ചാവക്കാട് സബ്കോടതി ഉത്തരവിട്ടു. എസ്എഫ്ഐ നേതാക്കളായിരുന്ന കുന്നംകുളം ചിറ്റഞ്ഞൂർ കണ്ടംപുള്ളി സെനിത്ത്, പാവറട്ടി വെന്മേനാട് വലിയകത്ത് വീട്ടിൽ ഷജീർ, കുന്നംകുളം പാറേംപാടം കൊങ്ങണൂർ വലിയവളപ്പിൽ മുകേഷ്, കുന്നംകുളം ചെറുകുന്ന് അനീഷ് എന്നിവരോട് നഷ്ടപരിഹാരം നൽകാനാണ് സബ് ജഡ്ജ് കെ.എൻ. ഹരികുമാർ ഉത്തരവിട്ടത്.
കേസിൽ പ്രതികൾക്ക് ഏഴുവർഷം തടവ് ശിക്ഷ കോടതി നേരത്തെ വിധിച്ചിരുന്നു. ഇതിൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് ജാമ്യം നേടിയിരിക്കുകയാണു പ്രതികൾ. 2008 ഫെബ്രുവരി 28 നാണ് കേസിനാസ്പദമായ സംഭവം. ബിഎസ്‌സി കെമിസ്ട്രി പരീക്ഷ എഴുതുകയായിരുന്ന കുന്നംകുളം മരത്തംകോട് കുട്ടംചേരി സനൂപിനെ സംഘം ചേർന്നെത്തിയ ഇവർ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ആക്രമണത്തെ തുടർന്ന് സനൂപിന്റെ ഇടത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായി.
മൂന്നു മാസത്തോളം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. കോളജിൽ എബിവിപി യൂണിയൻ അധികാരം പിടിച്ചെടുത്തതിന്റെ പക തീർക്കാനാണു ചെയർമാനായിരുന്ന കെ.എസ്. സനൂപിനെ ആക്രമിച്ചതെന്നാണു കേസ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സനൂപ് അഭിഭാഷകരായ മുള്ളത്ത് വേണുഗോപാൽ, സുരേഷ് എന്നിവർ മുഖേന നൽകിയ സ്വകാര്യ അന്യായത്തിലാണ് ഇപ്പോഴത്തെ വിധി.
Keywords: Thrissur, Kerala, Court, Kerala, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.