Latest News

മൊബൈല്‍ഫോണ്‍ കടകളില്‍ സൗദിവല്‍ക്കരണം ആരംഭിച്ചു


[www.malabarflash.com] സൗദിയില്‍ മൊബൈല്‍ഫോണ്‍ കടകളില്‍ പ്രഖ്യാപിച്ച അമ്പതുശതമാനം സ്വദേശിവല്‍ക്കരണത്തിന് തിങ്കളാഴ്ച തുടക്കമായി. ഇതോടെ വിദേശതൊഴിലാളികള്‍ക്കുപകരമായി മുപ്പത്തയ്യായിരത്തോളം സ്വദേശികള്‍ പുതുതായി മൊബൈല്‍ഫോണ്‍ വിപണനമേഖലയിലെത്തി. മൊബൈല്‍ കടകളില്‍ രണ്ടുഘട്ടമായാണ് സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുക. ഇതിന് ആറുമാസം സാവകാശം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ മൊബൈല്‍ഫോണ്‍ വില്‍പ്പന–അറ്റകുറ്റപ്പണി മേഖലകളില്‍ പകുതിപേര്‍ സ്വദേശികളാകണമെന്ന വ്യവസ്ഥയാണ് തിങ്കളാഴ്ച പ്രാബല്യത്തില്‍വന്നത്. സപ്തംബര്‍ രണ്ടോടെ സൌദിവല്‍ക്കരണം പൂര്‍ത്തിയാക്കും.

ഈ മേഖലയില്‍ ജോലി നഷ്ടപ്പെട്ട മലയാളികള്‍ അടക്കമുള്ള പലരും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. നിരവധി പ്രവാസികള്‍ മടങ്ങി. പെട്ടെന്ന് ജോലി മാറാനും മറ്റും സാധിക്കാത്തവര്‍ ദീര്‍ഘകാല അവധിയില്‍ മടങ്ങുകയാണ്. ഈ മേഖലയിലെ അധികസ്ഥാപനങ്ങളും സൗദികളുടെ സഹായത്തോടെ വിദേശികള്‍ സ്വന്തം നിലയ്ക്ക് ബിനാമിയായി നടത്തുന്നവയാണ്. 60 ശതമാനത്തോളം സ്ഥാപനങ്ങളും മലയാളികളുടേതാണ്. ബിനാമിയായി നടത്തിയിരുന്ന മൊബൈല്‍ഷോപ്പുകള്‍ പലതും പൂട്ടി. സൗദിവല്‍ക്കരണം പ്രഖ്യാപിച്ചശേഷം ഈമേഖലയില്‍ വ്യാപാരമാന്ദ്യം നേരിടുകയാണ്.

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ അടച്ചുപൂട്ടുകയും ജോലിയിലുള്ള വിദേശതൊഴിലാളികളെ നാടുകടത്തുകയും ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കടയുടമയ്ക്ക് 20,000 റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും. നിയമലംഘകരെ കണ്ടെത്തുന്നതിന് നാലു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധന നടക്കും.

മൊബൈല്‍ഫോണ്‍ കടകള്‍ക്ക് പിന്നാലെ ചില്ലറവില്‍പ്പന (ബകാല) രംഗത്ത് കൂടുതല്‍ മേഖലകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍, സാമൂഹികവികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുരണ്ടും പ്രവാസികളെ ഗുരുതരമായി ബാധിക്കും.

കടപ്പാട്: ദേശാഭിമാനി


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.