Latest News

ജിഷ വധം: കൊലയാളി അസം സ്വദേശി പിടിയില്‍

പെരുമ്പാവൂര്‍:[www.malabarflash.com] കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി പോലീസ് പിടിയില്‍. രണ്ട് ദിവസം മുമ്പാണ് ഇയാളെ പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. ഇരുപത്തിമൂന്നുകാരനായ ഇയാളുടെ പേര് അമിയുര്‍ ഉല്‍ ഇസ്ലാം എന്നാണെന്ന് പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ജിഷയുടെ മൃതദേഹത്തില്‍നിന്നും ചെരിപ്പില്‍നിന്നും ലഭിച്ച രക്തത്തുള്ളികളുടെ ഡി.എന്‍.എ. പരിശോധനാഫലവും ഇയാള്‍ക്കെതിരായതോടെ അമീയുര്‍ തന്നെയാണ് കൊലപാതകിയെന്നു പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ലാബിലാണ് ഡി.എന്‍.എ. പരിശോധന നടത്തിയത്.

ജിഷ വധത്തില്‍ കൊലയാളിയെ പിടികൂടിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. അന്വേഷണ സംഘത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജിഷയുടെ വീടിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്ത നിര്‍ണായക തെളിവായ ചോരപുരണ്ട കറുത്ത ചെരിപ്പ് ഇയാള്‍ക്ക് പാകമായതാണ് അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണം. ഇയാളുടെ നാല് സുഹൃത്തുക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കും കൃത്യത്തെക്കുറിച്ച് അറിവുണ്ടെന്നാണു വിവരം. പ്രതി കുറ്റം നടത്തിയത് ഒറ്റക്കല്ല എന്നാണ് പോലീസ് നല്‍കുന്ന സൂചന. പിടിയിലായ അസം സ്വദേശി പെരുമ്പാവൂരില്‍ മുമ്പും ജോലിചെയ്തിട്ടുണ്ടായിരുന്നു.

പോലീസിന്റെ കസ്റ്റഡിയിലുള്ളയാള്‍ തന്നെയാണ് ചെരിപ്പ് വാങ്ങിയതെന്ന് കടക്കാരന്‍ തിരിച്ചറിഞ്ഞു. കൊലപാതകിയെന്നുറപ്പിക്കാനായി ഡി.എന്‍.എ സാമ്പിളുകള്‍ ഇയാളില്‍ നിന്ന് ശേഖരിച്ച് പരിശോധനയ്ക്കയിച്ചു. കൂടാതെ രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ജിഷയുടെ ശരീരത്തില്‍ കൊലയാളി കടിച്ചതെന്ന് കരുതുന്നിടത്ത് നിന്ന് ലഭിച്ച ഡി.എന്‍.എ സാമ്പിള്‍ പരിശോധനയ്ക്ക് നേരത്തെ നല്‍കിയിട്ടുണ്ട്. ഇതും ഇപ്പോള്‍ പിടികൂടിയ അസം സ്വദേശിയുടെ ഡി.എന്‍.എ സാമ്പിളും യോജിച്ചാല്‍ കൊലപാതകി ഇയാള്‍ തന്നെ എന്ന് ഉറപ്പിക്കാനാകും.

മുംബൈയില്‍ ഔദ്യോഗിക ആവശ്യത്തിനായി പോയ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ തിരിച്ചെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഔദ്യോഗികമായി ഇക്കാര്യങ്ങളില്‍ സ്ഥിരീകരണമുണ്ടാകൂ.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.