Latest News

ജോലിനേടാന്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി വ്യാജരേഖയുണ്ടാക്കിയതായി വിജിലന്‍സ്


കണ്ണൂർ: [www.malabarflash.com]പഠിക്കാത്ത സ്കൂളിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി സി.പി.എം. ലോക്കൽ സെക്രട്ടറി ജോലിനേടിയതായി സഹകരണ വിജിലൻസിന്റെ കണ്ടെത്തൽ. അഞ്ചരക്കണ്ടി ഫാർമേഴ്സ് സഹകരണ ബാങ്കിലാണ് സംഭവം. സി.പി.എം. അഞ്ചരക്കണ്ടി ലോക്കൽ സെക്രട്ടറി പി.പ്രേമനാണ് വ്യാജരേഖയുണ്ടാക്കിയതായി അന്വേഷണത്തിൽ വ്യക്തമായത്. ബാങ്കിലെ കമ്മീഷൻ ബിൽകളക്‍ടറായിരുന്ന പ്രേമൻ 1998-നവംബറിലാണ് പ്യൂണായി സ്ഥിരനിയമനം നേടിയത്. ഇതിനുവേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏഴാംക്ലാസാണ്. വയസ്സും യോഗ്യതയും തെളിയിക്കാൻ ബാവോട് ഈസ്റ്റ് യു.പി. സ്കൂളിന്റെ സർട്ടിഫിക്കറ്റാണ് ബാങ്കിൽ ഹാജരാക്കിയത്. ഇത് വ്യാജമാണെന്ന് വിജിലൻസ് കണ്ടെത്തി. ബാങ്കിലെ മുൻ ജീവനക്കാരൻ കൃഷ്ണന്റെ പരാതിയെത്തുടർന്നാണ് സഹകരണ വിജിലൻസ് ഉത്തരമേഖല ഡിവൈ.എസ്.പി. മാത്യു രാജ് കള്ളിക്കാടൻ അന്വേഷിച്ചത്. പി.പ്രേമജൻ എന്ന പേരിലുള്ള സർട്ടിഫിക്കറ്റാണ് പ്രേമൻ നല്കിയത്. ബാവോട് യു.പി. സ്കൂളിൽ 1976-ൽ 1410-ാം നമ്പർ പ്രകാരം അഡ്മിഷൻ നേടിയെന്നാണ് സർട്ടിഫിക്കറ്റിലുള്ളത്. 1410-ാം നമ്പറിൽ ബാവോട് സ്കൂളിൽ പ്രവേശനം നേടിയത് കുഞ്ഞാത്തുമ്മയാണെന്ന് വിജിലൻസ് കണ്ടെത്തി. ഇതാകട്ടെ 1971-ലും. സ്കൂളിന്റെ സീലും വ്യാജമായി നിർമിച്ചതാണെന്നാണ് വിജിലൻസ് വിലയിരുത്തിയത്. 1976-ൽ ഉപയോഗിച്ചിരുന്ന സീലിനേക്കാൾ വലിപ്പമുള്ളതാണ് പ്രേമൻ ഹാജരാക്കിയ സർട്ടിഫിക്കറ്റിലുള്ളത്. പ്രഥമാധ്യാപകന്റെ ഒപ്പിലും വ്യത്യാസമുണ്ട്. പി.പ്രേമൻ എന്നൊരാൾ ഇക്കാലയളവിലൊന്നും സ്കൂളിൽ പഠിച്ചിട്ടില്ലെന്ന് പ്രഥമാധ്യാപിക വിജിലൻസിന് മൊഴിനല്കിയിട്ടുണ്ട്. മാത്രവുമല്ല, സർട്ടിഫിക്കറ്റിനായി പ്രേമൻ സ്കൂളിൽ അപേക്ഷ നല്കിയിട്ടുമില്ല. ആദ്യം അഞ്ചരക്കണ്ടി എൽ.പി. സ്കൂളിലും ആറ്, ഏഴ് ക്ലാസുകളിൽ ബാവോട് യു.പി. സ്കൂളിലും പഠിച്ചിട്ടുണ്ടെന്നാണ് പ്രേമൻ നല്കിയ മൊഴി. ഏഴാംക്ലാസ് പാസായതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വഞ്ചന, വ്യാജരേഖ ചമയ്‍ക്കൽ, തെറ്റായ വിവരം നല്കൽ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാൻ സഹകരണ വിജിലൻസ് ജില്ലാ പോലീസ് മേധാവിയോട് ശുപാർശചെയ്തത്. അന്നത്തെ മാനേജിങ് ഡയറക്‍ടറും ഇപ്പോഴത്തെ ബാങ്ക് പ്രസിഡന്റുമായ പി.മുകുന്ദനെയും വിജിലൻസ് പ്രതിയാക്കിയിട്ടുണ്ട്. ഇതോടെ മുകുന്ദൻ ജില്ലാ സെഷൻസ് കോടതിയിൽനിന്ന് അഡ്വ. പി.ശശി മുഖേന മുൻകൂർ ജാമ്യമെടുത്തു. ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ സ്കൂളിന്റെ സീലും ഒപ്പുമുണ്ടെന്നും വ്യാജരേഖയാണെങ്കിൽ അതിൽ തനിക്ക് പങ്കില്ലെന്നും മുകുന്ദൻ കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയോടെയാണ് ഇയാൾക്ക് മുൻകൂർ ജാമ്യം നല്കിയിട്ടുള്ളത്. എന്നാൽ, ബാവോട് സ്കൂളിൽനിന്ന് നൽകിയ സർട്ടിഫിക്കറ്റുതന്നെയാണ് ജോലിക്കായി ഹാജരാക്കിയതെന്ന് പി.പ്രേമൻ പറഞ്ഞു. വ്യാജരേഖയുണ്ടാക്കിയതായി വിജിലൻസ് കണ്ടെത്തിയതായി പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ‌

Keywords: CPM Local Secretary, Kannur, Job, Vigilance, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.