Latest News

രക്ഷിതാക്കള്‍ വിറ്റ അഞ്ച് പെണ്‍കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ രക്ഷപ്പെടുത്തി

കണ്ണൂര്‍:[www.malabarflash.com] രക്ഷിതാക്കള്‍ക്കു പണം നല്‍കി കേരളത്തിലേക്കു വീട്ടുജോലിക്കു കൊണ്ടുവന്ന പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ചൊക്ലി പൂക്കോമില്‍ നാലുവീടുകളിലേക്കു വീട്ടുവേലയ്ക്കായി ഏജന്റുമാര്‍ ആന്ധ്രയില്‍ നിന്ന് എത്തിച്ച എട്ടിനും പതിനാറിനുമിടയിലുള്ള അഞ്ചുപെണ്‍കുട്ടികളെയാണു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നിന്നുള്ള ചൈല്‍ഡ് ലൈന്‍ റസ്‌ക്യൂ ഓഫിസര്‍മാര്‍ പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയത്.

അഞ്ചുവര്‍ഷത്തിനിടെ ജില്ലയിലെത്തിയ ഇവര്‍ ചൊക്ലി പൂക്കോമിലെ വീടുകളില്‍ ജോലി ചെയ്യുകയായിരുന്നു. 35000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ വീട്ടുടമസ്ഥരില്‍ നിന്നു വാങ്ങിയാണ് ഏജന്റുമാര്‍ ഇവരെ കൈമാറിയത്. ഇവരില്‍ പതിനഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമായ മൂന്നുകുട്ടികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി വീടുകളില്‍ നരകയാതന സഹിച്ചു കഴിഞ്ഞു വരികയായിരുന്നു. വീടുകളിലെ ഭാരിച്ച ജോലികളെല്ലാം കുട്ടികളെ കൊണ്ട് ചെയ്യിക്കുമെങ്കിലും മതിയായ ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നു രക്ഷപ്പെട്ട കുട്ടികള്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. ക്രൂര മര്‍ദനവും പതിവായിരുന്നു. പ്രതിഫലമായി രക്ഷിതാക്കള്‍ക്കു മാസം 3600 രൂപ എത്തിച്ചിരുന്നു.

രക്ഷപ്പെടുത്തിയ കുട്ടികളെ തലശ്ശേരി മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കേരളത്തിലെ വിവിധ ജോലികള്‍ക്കായി എത്തിക്കുന്നതിന് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. റസ്‌ക്യൂ നമ്പറിലേക്കു ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സംഘം ചൊക്ലി പോലീസിന്റെ സഹായം തേടിയാണു കുട്ടികളെ രക്ഷപ്പെടുത്തിയത്.

കുട്ടികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചൊക്ലി പോലീസ് ബാലവേല നിരോധന നിയമപ്രകാരമാണു കേസ് റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ കേബിളിനു കുഴിയെടുക്കുന്നതിനായി കൊണ്ടുവന്ന 14 വയസ്സുകാരികളായ രണ്ടു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഇരുവരും തലശ്ശേരി മഹിളാ മന്ദിരത്തിലാണ് ഇപ്പോള്‍.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.