വളപട്ടണം:[www.malabarflash.com] മുസ്ലീം സ്ത്രീകള്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഇറങ്ങാന്‍ മടികാണിച്ചിരുന്ന കാലത്ത് വളപട്ടണം ഗ്രാമപഞ്ചായത്തിലെ ആദ്യ വനിതാ മുസ്ലീം മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എ പി കദീജ (80) ഓര്‍മ്മയായി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
വളപട്ടണം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ തോട്ടിരികയില്‍ നിന്ന് ഖദീജയെന്ന കജീത്ത തെരഞ്ഞെടുക്കപ്പെട്ടത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായാണ്. 988-95 വരെ രണ്ടാം വാര്‍ഡിലെ പ്രതിനിധിയായിരുന്നു ഖദീജ. ജില്ലാ ലീഗ് നേതാവ് വി പി വമ്പനും കെ പി ഹബീബ് തങ്ങളുമാണ് ഖദീജയെ മത്സരരംഗത്ത് കൊണ്ടുവന്നത്.
തദ്ദേശ സ്വയംഭരണ സംവിധാനങ്ങളില്‍ ത്രിതല സംവിധാനം വരുന്നതിന് മുമ്പ് ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്ത മെമ്പറായിരുന്നു ഖദീജ. സംസാര രീതിയിലും നടപ്പിലും ചലനങ്ങളിലുമെല്ലാം തനിനാടന്‍ സ്റ്റൈല്‍ അനുകരിച്ചിരുന്ന ഇവര്‍ അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയിലെ ഏവര്‍ക്കും ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്നു.
സര്‍ക്കാര്‍ ആശുപത്രികള്‍ ധര്‍മ്മാശുപത്രിയെന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് ഇവിടെയെത്തുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും ഭക്ഷണ സാധനങ്ങളടക്കം സൗജന്യമായി എത്തിച്ചുനല്‍കിയിരുന്നത് ഖദീജയുടെ കുടുംബമായിരുന്നു. ഇവരുടെ വീടിന് സമീപം തന്നെയായിരുന്നു വളപട്ടണം ഗവ ആശുപത്രി.
പ്രസവം ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ആശുപത്രിയില്‍ അക്കാലത്ത് ഖദീജയുടെ ഈ സേവനം വലിയ കാര്യമായിരുന്നു. ഡോ വത്സല രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ ഉന്നത സ്ഥാനത്തിരുന്ന പലരും അന്ന് ഖദീജയുടെ സേവന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.
മുസ്ലീം കല്യാണ വീടുകളിലും മറ്റും നേരത്തെയെത്തി വിവാഹത്തോടനുബന്ധിച്ചുള്ള അപ്പത്തരങ്ങള്‍കൊണ്ടുള്ള സല്‍ക്കാരം കൊണ്ടും മറ്റും സജീവ സാന്നിധ്യമാവാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞെത്തുന്ന അന്നത്തെ നാണംകുണുങ്ങിയ മണവാട്ടിയെ മണിയറയിലേക്ക് കയറ്റിവിടുക ഖദീജയും കൂട്ടുകാരികളായ പരേതരായ മൈക്കാരന്‍ പാത്തു, സുഹറ, കോരമ്പത്ത് ഖദീജ എന്നിവരൊക്കെയായിരുന്നു.
വളപട്ടണത്തുകാരുടെ സാമൂഹിക-സാംസ്കാരിക സേവനരംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ഖദീജ. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ഖദീജ കിടപ്പിലായിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യത്ത് മന്ന ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment