കാഞ്ഞങ്ങാട്: [www.malabarflash.com] റാണിപുരം ടൂറിസ്റ്റ് കേന്ദ്രം കാണാന്‍ പോയ കാസര്‍കോട് സ്വദേശികള്‍ വഴിതെറ്റി കൊടുംകാട്ടില്‍ കുടുങ്ങി. 20 മണിക്കൂര്‍ കാട്ടില്‍ അലഞ്ഞ ഇവരെ ഫോറസ്റ്റ് അധികൃതരും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ആലമ്പാടി തൗഫീഖ് മന്‍സിലിലെ ശിഹാബുദ്ദീന്റെ മകന്‍ വി. മുസമ്മില്‍ (21), നീര്‍ച്ചാല്‍ വെളോടി റാഹില മന്‍സിലില്‍ ബഷീറിന്റെ മകന്‍ ബി. ഷരീഫ് (23), ബേള ചീമനടുക്ക ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഷരീഫ് (24) എന്നിവരാണ് വഴിതെറ്റി കാട്ടില്‍ അലഞ്ഞത്. ഇന്നലെ വൈകിട്ട് ഒരു ബൈക്കിലെത്തിയ മൂന്നുപേരും റാണിപുരം ടൂറിസ്റ്റ് കേന്ദ്രം ഓഫീസില്‍ നിന്നും പ്രവേശന ടിക്കറ്റെടുത്ത് മൂന്നരയോടെയാണ് വനത്തിലേക്ക് പോയത്. അഞ്ചരക്കുള്ളില്‍ തിരിച്ചെത്തണമെന്ന നിര്‍ദ്ദേശം വാച്ചര്‍മാര്‍ നല്‍കിയിരുന്നു. എന്നാല്‍ അഞ്ചരകഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുറച്ചുകൂടി അധികൃതര്‍ കാത്തുനിന്നു. ഒടുവില്‍ പൊലീസിനേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു.
ടൂറിസ്റ്റ് മേഖലയില്‍ നിന്നും അറിയാതെ മാറി സഞ്ചരിച്ചതാണ് ഇവരെ വഴിതെറ്റിച്ചതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്ത് പറഞ്ഞു. നടന്ന് മറ്റൊരു മലയുടെ മുകളിലെ പുല്‍മേടിലാണ് ഇവരെത്തിയത്. കനത്ത കോട മഞ്ഞില്‍പെട്ടാണ് വഴി കാണാതിരുന്നത്.
ഇന്നലെ പതിവിലും വിപരീതമായാണ് കോടയുണ്ടായിരുന്നതെന്ന് തിരച്ചിലില്‍ പങ്കെടുത്ത പൗരസംരക്ഷണ സമിതി മുന്‍ പ്രസിഡണ്ട് എസ്. മധുസൂദനന്‍ പറഞ്ഞു. കാട്ടാനയും മറ്റ് വന്യമൃഗങ്ങളും വിഹരിക്കുന്ന പ്രദേശത്താണ് യുവാക്കള്‍ ഒരു രാത്രി കഴിച്ചുകൂട്ടിയത്. രക്ഷപ്പെടുത്തിയ മൂന്നുപേരേയും കള്ളാര്‍ റെയ്ഞ്ച് ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവരുടെ വീട്ടുകാരോട് വന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ഫോറസ്റ്റ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment