Latest News

എഫ്.സി.ഐ മാനേജ്‌മെന്റിന്റെ പിടിവാശി; ടണ്‍കണക്കിന് റേഷനരി മഴയില്‍ കുതിര്‍ന്നു


നീലേശ്വരം: [www.malabarflash.com] എഫ്.സി.ഐ അധികൃതരുടെ അനാസ്ഥമൂലം ടണ്‍കണക്കിന് റേഷനരി മഴയില്‍ കുതിര്‍ന്ന് നശിക്കുന്നു. വാഗണില്‍ നിന്നും അരി ഇറക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന സംവിധാനം ബുധനാഴ്ച രാവിലെ മുന്നറിയിപ്പില്ലാതെ മാനേജ്‌മെന്റ് അധികൃതര്‍ മാറ്റിയത് മണിക്കൂറുകളോളം കയറ്റിറക്ക് സ്തംഭിപ്പിച്ചു. നിലവില്‍ 12 ലോറികളിലേക്കാണ് അരി ഇറക്കുന്നത്. ഇത് 24 ലോറികളിലാക്കണമെന്ന മാനേജ്‌മെന്റിന്റെ പിടിവാശിയാണ് വാഗണില്‍ നിന്നും അരി ഇറക്കുന്നത് തടസപ്പെടാന്‍ കാരണം. മാനേജ്‌മെന്റിന്റെ നടപടിയില്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ലോഡ് കയറ്റാതെ ലോറികള്‍ നിര്‍ത്തിയിടുകയായിരുന്നു. ഈ സമയത്ത് വാഗണിന്റെ വാതില്‍ മലര്‍ക്കെതുറന്നിട്ടത് ശക്തമായ മഴയില്‍ അരി മഴയില്‍ കുതിരാന്‍ കാരണമായി. പൊട്ടിക്കിടക്കുന്ന അരിച്ചാക്കില്‍ നിന്ന് ക്വിന്റല്‍ കണക്കിന് അരി താഴെ വീണ് മഴയില്‍ കുതിര്‍ന്നിട്ടുണ്ട്. മാനേജ്‌മെന്റിന്റെ ആവശ്യത്തിനനുസരിച്ച് 24 ലോറികളില്‍ ലോഡ് കയറ്റാനുള്ള തൊഴിലാളികള്‍ ഇവിടെ ഇല്ലെന്ന് ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സാധാരണ വാഗണില്‍ നിന്നും അരി ഇറക്കി ഗോഡൗണില്‍ എത്തിച്ച ശേഷം മരുന്ന് തളിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് മൊത്തവിതരണ കേന്ദ്രങ്ങളിലേക്ക് ലോഡ് എത്തിക്കുന്നത്. എന്നാല്‍ ഇവിടെ വാഗണില്‍ നിന്നും സാധനങ്ങള്‍ നേരിട്ട് ലോറികളില്‍ കയറ്റിക്കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഒടുവില്‍ മാനേജ്‌മെന്റ് അനുരഞ്ജനത്തിന് തയ്യാറായതിനെ തുടര്‍ന്ന് അരിയിറക്കുന്നത് പുനസ്ഥാപിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.