കൊച്ചി: [www.malabarflash.com] കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം മെട്രോ നിര്‍മാണ സ്ഥലത്തെ വലയില്‍ ചേര കുടുങ്ങി. വഴിപോക്കര്‍ പാമ്പിനെ വലയില്‍ നിന്ന് മോചിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഇതിനിടെ പാമ്പിനെ രക്ഷിക്കാനായി കാഴ്ചക്കാര്‍ക്കിടയില്‍ നിന്ന് ഒരു തമിഴ് തൊഴിലാളി രംഗത്തെത്തി. പാമ്പ് പിടിത്തക്കാരന്റെ കൈ വിരുതോടെ വലതുകൈ കൊണ്ട് പാമ്പിന്റെ തല അമര്‍ത്തിപ്പിടിച്ച്, പാമ്പിനെ വലയില്‍ നിന്ന് ഊര്‍ത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ തല അമര്‍ന്നതോടെ ചേര വാലുകൊണ്ട് രക്ഷകന്റെ ഇടതുകൈയില്‍ വട്ടംചുറ്റി പിടിച്ചു. ഒരു കൈയില്‍ പാമ്പിന്റെ വായും മറു കൈയില്‍ പാമ്പിന്റെ വാല്‍ക്കുരുക്കുമായതോടെ പാമ്പിനെ രക്ഷിക്കാനെത്തിയയാള്‍ അങ്കലാപ്പിലായി. പാമ്പിന്റെ രക്ഷകന്‍ സ്വയരക്ഷയ്ക്ക് അപേക്ഷിച്ചതോടെ മറ്റൊരു വഴിപോക്കന്‍ സഹായവുമായെത്തി. കത്തി കൊണ്ട് പാമ്പ് കുടുങ്ങിയ ഭാഗത്തെ വലക്കണ്ണികള്‍ മുറിച്ചുമാറ്റി. തുടര്‍ന്ന് ഇടതു കൈയില്‍ കുടുങ്ങിയ പാമ്പിന്റെ വാല്‍ വലിച്ചൂരി. പാമ്പിനെയും രക്ഷകനെയും രക്ഷപ്പെടുത്തി. കുരുക്കുകളില്‍ നിന്ന് മോചനമായതോടെ ചേര ഉടന്‍തന്നെ തൊട്ടടുത്ത കാനയിലേക്ക് ഇഴഞ്ഞു രക്ഷപ്പെട്ടു.
കൈയടിയോടെയാണ് കണ്ടുനിന്നവര്‍ രണ്ടു രക്ഷകരെയും പ്രോത്സാഹിപ്പിച്ചത്. പാമ്പിനെ കണ്ടത് ഡി.എം.ആര്‍ സി.യെ അറിയിച്ചിട്ടുണ്ടെന്ന് മെട്രോ തൊഴിലാളികള്‍ പറഞ്ഞു.


No comments:
Post a Comment