തിരുവനന്തപുരം: [www.malabarflash.com] സേവനങ്ങളിൽ വീഴ്ച വരുത്തിയാൽ വൈദ്യുതി ബോർഡ് നഷ്ടപരിഹാരം നൽകണമെന്ന ചട്ടം നിലവിൽ വന്നിട്ടു മാസങ്ങളായെങ്കിലും ഇതേവരെ ഒരാൾപോലും അത് ആവശ്യപ്പെടുകയോ ബോർഡ് നൽകുകയോ ചെയ്തിട്ടില്ല.
കറന്റ് പോയാൽ നിശ്ചിത സമയത്തിനുള്ളിൽ പുനസ്ഥാപിക്കുക, വൈദ്യുതി കണക്‌ഷന് അപേക്ഷിച്ചാൽ നിശ്ചിത ദിവസത്തിനകം നൽകുക, വൈദ്യുതി ബിൽ കൃത്യമായി നൽകുക, വൈദ്യുതി സ്ലാബിൽ മാറ്റം വരുത്തുന്നതിന് അപേക്ഷിച്ചാൽ നടപടി സ്വീകരിക്കുക തുടങ്ങിയ വിവിധ സേവനങ്ങളിൽ വീഴ്ച വരുത്തിയാൽ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണ ലൈസൻസികൾ ഉപയോക്താക്കൾക്കു നിശ്ചിത തുക പിഴയായി നൽകണമെന്നാണു ചട്ടം.
സേവന നിലവാരം ഉറപ്പാക്കുന്നതിനുള്ള ഈ ചട്ടം കഴിഞ്ഞ ജനുവരിയിൽ ഗസറ്റിൽ വിജ്ഞാപനം ചെയ്തതോടെ നിലവിൽ വന്നു. നഷ്ടപരിഹാര വ്യവസ്ഥ ബോർഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിലിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കത്തയയ്ക്കുകയും ചെയ്തിരുന്നു.
ഉപയോക്താക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടാൽ മാത്രമേ നൽകൂ. പക്ഷേ, ഉപയോക്താക്കളിൽ ആരും ഇതുവരെ ബോർഡിനോടു നഷ്ടപരിഹാരം ചോദിച്ചിട്ടില്ല. വൈദ്യുതി മേഖലയിലെ ഏതൊക്കെ സേവനങ്ങളിൽ വീഴ്ച വന്നാലാണു നഷ്ടപരിഹാരം ലഭിക്കുക എന്നതിന്റെ വിശദാംശങ്ങൾ റഗുലേറ്ററി കമ്മിഷന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.


No comments:
Post a Comment