Latest News

വിവാഹചടങ്ങിനിടെ സംഘര്‍ഷം : പോലീസ് ലാത്തിവീശി, സ്ത്രീകളടക്കം 12 പേര്‍ക്ക് പരിക്ക്‌

ഗുരുവായൂര്‍:[www.malabarflash.com] കാവീട് സെന്റ് ജോസഫ് പള്ളി ഹാളില്‍ നടന്ന വിവാഹച്ചടങ്ങിനിടെ ഡി.വൈ.എഫ്.ഐ. - ബി.ജെ.പി. പ്രവര്‍ത്തകരുടെ അക്രമം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീകളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് അക്രമികളെ പിടികൂടുന്നതിനിടെ തൊട്ടടുത്ത വൈദികമന്ദിരത്തില്‍ കയറി അക്രമം കാട്ടിയതായും ആക്ഷേപമുയര്‍ന്നു. വൈദികമന്ദിരത്തിലുണ്ടായിരുന്ന ചിലര്‍ക്കും പരിക്കുണ്ട്.

ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കാവീട് കാര്‍ത്യായനി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെ വിവാഹത്തിന്റെ തലേന്നത്തെ ഭക്ഷണം വിളമ്പുന്നതിനിടയിലായിരുന്നു അക്രമം. ഇവിടത്തെ കാറ്ററിങ്ങുകാരുടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി രണ്ടു ദിവസം മുമ്പ് നടന്ന വാക്കുതര്‍ക്കത്തിന്റെ ബാക്കിയാണ് അക്രമത്തില്‍ കലാശിച്ചത്.

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ആനക്കോട്ട വൈലേരിപറമ്പില്‍ ചന്ദ്രന്റെ മകന്‍ അമല്‍ (20), കളത്തുപുറത്ത് ഭരതന്റെ മകന്‍ സഞ്ജയ് (22), കളത്തുപുറത്ത് വിശ്വനാഥന്റെ മകന്‍ വിഷ്ണു (18), പൊന്നരാശ്ശേരി അപ്പുണ്ണിയുടെ മകന്‍ കൃഷ്ണപ്രസാദ് (19), ബി.ജെ.പി. പ്രവര്‍ത്തകരായ കാവീട് ചേമ്പ്ര യശോദ (62), വട്ടംപറമ്പില്‍ ലളിത (65), താഴത്തുവളപ്പില്‍ ഉഷ (49), തളിയില്‍ വീട്ടില്‍ നിഷ (45), കാട്ടിശ്ശേരി ഷിബിന്‍ (23), താഴത്തുവളപ്പില്‍ അജിത്ത് (26), തളിയില്‍ വീട്ടില്‍ ദിവിന്‍ കൃഷ്ണ (20), താഴത്തുവളപ്പില്‍ അഖില്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പലര്‍ക്കും പരിക്ക് ഗുരുതരമാണ്. വിവിധ ആസ്​പത്രികളില്‍ ചികിത്സയിലാണ്.

അക്രമം നടക്കുന്ന വിവരമറിഞ്ഞെത്തിയ ഗുരുവായൂര്‍ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പള്ളിയുടെ അടുത്തുള്ള വൈദികമന്ദിരത്തില്‍ കയറിയത്. ഹാളിലെത്തിയ പോലീസിനെ കണ്ടയുടന്‍ അക്രമികളില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടപ്പോഴാണ് പോലീസ് വൈദികമന്ദിരത്തിലേക്ക് ചെന്നത്.

അവിടെയുണ്ടായിരുന്ന ബി.ടെക് വിദ്യാര്‍ത്ഥി അഭിജിത്തിന് (23) പോലീസിന്റെ മര്‍ദ്ദനമേറ്റു. പള്ളിവികാരി ഫാ. സിറിയക് ചാലിശ്ശേരിയെ പോലീസ് തള്ളിമാറ്റിയതായും പറയുന്നു. തടയാനെത്തിയ ട്രസ്റ്റിമാരായ ജോബി വടക്കന്‍, മേലിട്ട് ജോസഫ്, പുലിക്കോട്ടില്‍ വര്‍ഗ്ഗീസ് എന്നിവര്‍ക്കുനേരെ പോലീസിന്റെ കയ്യേറ്റശ്രമം നടന്നതായി പള്ളിവികാരിമാര്‍ പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.