Latest News

മോഡിയുടെ ഡിഗ്രി വെളിപ്പെടുത്താന്‍ തയ്യാറാകാതെ ഡല്‍ഹി സര്‍വകലാശാല; വിവരാവകാശ അപേക്ഷ വീണ്ടും തള്ളി; ദുരൂഹമെന്ന് കെജ്രിവാള്‍


ന്യൂഡല്‍ഹി: [www.malabarflash.com] പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞുള്ള വിവരാവകാശ അപേക്ഷ ഡല്‍ഹി സര്‍വകലാശാല വീണ്ടും തള്ളി. മോഡിയുടെ ബിഎ ഡിഗ്രി സംബന്ധിച്ച അപേക്ഷയാണ് സ്വകാര്യതയുടെ കാരണം പറഞ്ഞ് തള്ളിയത്. മോഡിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് നേരത്തെ ദേശീയ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. അപേക്ഷ തള്ളിയ ഡല്‍ഹി സര്‍വകലാശാലയുടെ നടപടി പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ദുരൂഹത കൂട്ടുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.
മോഡിയുടെ ബിഎ ഡിഗ്രി സംബന്ധിച്ച വിവിരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ മുഹമ്മദ് ഇര്‍ഷാദാണ് ഡല്‍ഹി സര്‍വകലാശാലയെ സമീപിച്ചത്. എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും സ്വകാര്യത സംരക്ഷിക്കാന്‍ സര്‍വകലാശാല ബാധ്യസ്ഥരാണെന്നും വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നുമാണ് മറുപടിയായി ലഭിച്ചത്.
ഡല്‍ഹി സര്‍വകലാശാലയുടെ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഡിഗ്രി ഉള്ളതാണെന്നും ആര്‍ക്ക് വേണമെങ്കിലും ഡല്‍ഹി സര്‍വകലാശാലയില്‍ ഇത് അന്വേഷിക്കാമെന്നും പറഞ്ഞ അമിത് ഷായും അരുണ്‍ ജയ്റ്റ്‌ലിയും എവിടെപോയെന്ന് കെജ്രിവാള്‍ ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടന്നത് സ്വകാര്യതയുടെ പ്രശ്മാണെങ്കില്‍ പ്രധാനമന്ത്രിയുടെ സമ്മതം തേടി കത്തയയ്ക്കുകയാണ് ഡല്‍ഹി സര്‍വകലാശാല ചെയ്യേണ്ടത്. അല്ലാതെ അപേക്ഷ തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ ഡിഗ്രിയെ ചൊല്ലിയുള്ള വിവരാവകാശ അപേക്ഷ ഇത് രണ്ടാം തവണയാണ് ഡല്‍ഹി സര്‍വകലാശാല തള്ളുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കെജ്രിവാളിന്റെ അപേക്ഷയില്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി സര്‍വകലാശാലയ്ക്കും ഗുജറാത്ത് സര്‍വകലാശാലയ്ക്കും കേന്ദ്ര വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മോഡിയുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ചേര്‍ന്ന് പുറത്തുവിട്ടിരുന്നു. മോഡി ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎയും ഡല്‍ഹിയില്‍ നിന്ന് ബിഎയും നേടിയെന്നാണ് അവകാശവാദം. എന്നാല്‍ രണ്ട് സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.