Latest News

  

വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു; പേരമകനും ഭാര്യയും അറസ്റ്റില്‍

മണ്ണാര്‍ക്കാട്:[www.malabarflash.com] റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. കേസില്‍ പേരമകനെയും ഭാര്യയെയും മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

കരിമ്പുഴ തോട്ടര ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71) കൊല്ലപ്പെട്ട കേസിലാണ് മകളുടെ മകന്‍ കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവരെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ ആര്യമ്പാവിന് സമീപം ഒറ്റപ്പാലം സംസ്ഥാനപാതക്കരികിലാണ് നബീസയെ മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹത്തിനടുത്തുനിന്ന് ഒരു കത്തും കണ്ടത്തെിയിരുന്നു. തുടര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിപ്രകാരം: നൊട്ടമലയിലെ ബന്ധുവീട്ടില്‍ നോമ്പുതുറക്കാന്‍ പോയ നബീസയെ ജൂണ്‍ 22 മുതല്‍ കാണാതാവുകയായിരുന്നു. 24ന് ഉച്ചയോടെയാണ് മൃതദേഹം റോഡരികില്‍ കണ്ടത്. ഭര്‍ത്താവ് ബഷീറിന്റെ പിതാവിനെ ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന കാരണത്താല്‍ ഫസീലയെ വീട്ടില്‍നിന്ന് പുറത്താക്കിയതാണ്.

തിരികെ വീട്ടിലേക്ക് വരാന്‍ വല്യുമ്മ നബീസയാണ് തടസ്സമെന്നതിനാല്‍ അവരെ ഇല്ലാതാക്കാന്‍ ബഷീറും ഭാര്യയും നടത്തിയ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തേ വീട്ടില്‍നിന്ന് 43 പവന്‍ സ്വര്‍ണാഭരണം കാണാതായ സംഭവത്തിലും ഫസീലയെ സംശയിച്ചിരുന്നു. ഇത് നബീസയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമവും കൊലപാതകത്തിലത്തെിച്ചു. ബന്ധുവീട്ടില്‍ നോമ്പുതുറക്കാന്‍ പോയ നബീസയെ പ്രതികള്‍ തന്ത്രപൂര്‍വം ഇവരുടെ കുന്തിപ്പുഴ നമ്പിയംകുന്നിലെ വാടകവീട്ടിലത്തെിക്കുകയായിരുന്നു.

22ന് രാത്രി ഭക്ഷണത്തോടൊപ്പം നല്‍കിയ ചീരക്കറിയില്‍ ചിതലിനുള്ള മരുന്ന് ചേര്‍ത്ത് നബീസക്ക് കൊടുത്തു. എന്നാല്‍, കാര്യമായ അസ്വസ്ഥതയുണ്ടായില്ല. തുടര്‍ന്ന് രാത്രി വൈകി ബലം പ്രയോഗിച്ച് വായിലേക്ക് വിഷമൊഴിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ഇവരുടെ ഇടതുകൈക്ക് ഒടിവ് സംഭവിച്ചു. പുലര്‍ച്ചെ രണ്ടരയോടെ മരിച്ചെന്നാണ് നിഗമനം. മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചശേഷം വ്യാഴാഴ്ച അര്‍ധരാത്രിയോടെ നേരത്തേ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യാക്കുറിപ്പ് സഹിതം മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇവരുടെ ചെരിപ്പും വിഷാംശമടങ്ങിയ കുപ്പിയും കുന്തിപ്പുഴ പാലത്തില്‍നിന്ന് പുഴയിലേക്ക് എറിയുകയും ചെയ്തു. ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച നാട്ടുകാരുടെ സംശയമാണ് കേസിന് തുമ്പുണ്ടാക്കിയത്. പ്രതികളെ സ്‌റ്റേഷനില്‍ അന്വേഷണത്തിനെന്ന വ്യാജേന വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. അന്വേഷണത്തിന് പാലക്കാട് എസ്.പി ഡോ. ശ്രീനിവാസ്, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി സുനീഷ്‌കുമാര്‍, മണ്ണാര്‍ക്കാട് സി.ഐ എം. മുഹമ്മദ് ഹനീഫ, എസ്.ഐമാരായ ഷിജു എബ്രഹാം, മുരളീധരന്‍, എ.എസ്.ഐമാരായ റോയ് ജോര്‍ജ്, അബ്ദുല്‍സലാം, സി.പി.ഒമാരായ മണികണ്ഠന്‍, ബെന്നി, സതീഷ്, ഷാഫി, സഹദ്, അഭിലാഷ്, വനിതാ സി.പി.ഒമാരായ നിത്യ, ഓമന എന്നിവര്‍ നേതൃത്വം നല്‍കി.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.