Latest News

വിദ്യാര്‍ത്ഥിനി പനി ബാധിച്ചു മരിച്ചു


മഞ്ചേശ്വരം: [www.malabarflash.com] ബിരുദാനന്തര ബിരുദ കോഴ്‌സിനു ചേര്‍ന്ന്‌ ക്ലാസില്‍ പോകാനിരിക്കെ വിദ്യാര്‍ത്ഥിനി പനി ബാധിച്ചു മരിച്ചു. പിലിക്കോട്‌, എരവില്‍ സ്വദേശിയും റിട്ട. കൃഷി ഓഫീസറും മഞ്ചേശ്വരം, തീര്‍ത്ഥേശ്വരത്തു താമസക്കാരനുമായ പരേതനായ അപ്പക്കുഞ്ഞിയുടെ മകള്‍ അക്ഷര(21)യാണ്‌ മരിച്ചത്‌. മംഗ്‌ളൂരു ശ്രീരാമകൃഷ്‌ണ കോളേജില്‍ നിന്നു ബി കോം പഠനം പൂര്‍ത്തിയാക്കുകയും സെന്റ്‌ അലോഷ്യസ്‌ കോളേജില്‍ എം കോമിനു ചേരുകയും ചെയ്‌തിരുന്നു. ഇതിനിടയില്‍ പഠനത്തിന്റെ ഭാഗമായി ശ്രീരാമകൃഷ്‌ണ കോളേജില്‍ നിന്നുള്ള എന്‍ എസ്‌ എസ്‌ വിദ്യാര്‍ത്ഥികള്‍ ഊട്ടിയിലേയ്‌ക്കു വിനോദയാത്ര പോയിരുന്നു. ഇന്നലെ തിരിച്ചെത്തിയ അക്ഷരയ്‌ക്കു പനി അനുഭവപ്പെടുകയും ചെയ്‌തിരുന്നു. യാത്രയുടെ ക്ഷീണമായിരിക്കാം പനി അനുഭവപ്പെടാന്‍ ഇടയാക്കിയതെന്നു കരുതിയതിനാല്‍ വലിയ കാര്യമാക്കിയില്ല. മാതാവ്‌ ബേബി പുറത്തേക്കും മഞ്ചേശ്വരം കോളേജില്‍ അധ്യാപികയായ സഹോദരി അഖില കോളേജിലേയ്‌ക്കും പോയിരുന്നു.
പിന്നീട്‌ അയല്‍വാസികളാണ്‌ അക്ഷര പനി മൂര്‍ച്ഛിച്ചും ഛര്‍ദ്ദിച്ച്‌ അവശയായ നിലയിലും കണ്ടെത്തിയത്‌. ഉടന്‍ തന്നെ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നില ഗുരുതരമായതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അക്ഷരയെ ഉടന്‍ തന്നെ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്‌ക്കു കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തുമ്പോഴേയ്‌ക്കും മരണപ്പെട്ടു.പിന്നീട്‌ വെന്‍ലോക്‌ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ഗുഡ്ഡക്കേരി ശ്‌മശാനത്തില്‍ സംസ്‌ക്കരിച്ചു. അക്ഷരയുടെ മരണത്തില്‍ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. അമ്മാവന്റെ പരാതി പ്രകാരമാണ്‌ കേസ്‌. അക്ഷരയുടെ മരണത്തിനു ഇടയാക്കിയത്‌ ഏതു പനിയാണെന്നു വ്യക്തമല്ല. ഭക്ഷണത്തില്‍ വിഷാംശം ഉണ്ടായിട്ടുണ്ടോ എന്നു അന്വേഷിക്കുന്നതായി പൊലീസ്‌ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.