കാസര്‍കോട്: [www.malabarflash.com] കാസര്‍ കോട് ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനും അക്രമികളെയും സാമൂഹ്യവിരുദ്ധരെയും കള്ളന്മാരെയും നിയന്ത്രിക്കുന്നതിനുമായി പോലീസ് പുതിയ പദ്ധതി ആരംഭിച്ചു.
യൂത്ത് ക്ലബ്ബുകളുടെ സഹകരണത്തോടെയുള്ള പദ്ധതിക്കു ഞായറാഴ്ച രാവിലെ കാസര്‍കോട്ട് തുടക്കമായി. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തില്‍ സി ഐ എം പി ആസാദാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.
കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു ലക്ഷം പേര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ 500 പേരാണ് കാസര്‍കോട്ടെ സമാധാനജീവിതത്തിനു ഭംഗം വരുത്തുന്നതെന്നാണ് പോലീസിന്റെ നിഗമനം. 500 പേരില്‍ 222 പേര്‍ സ്ഥിരം റൗഡികളാണ്. ഒന്‍പതു പേര്‍ സ്ഥിരം മോഷ്‌ടാക്കളും രണ്ടുപേര്‍ സംസ്ഥാന തല മോഷ്‌ടാക്കളുമാണ്. 16 പേര്‍ വിവിധ കേസുകളില്‍ പ്രതികളാണെങ്കിലും ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഇത്തരക്കാരെ നിലയ്‌ക്കു നിര്‍ത്തിയാല്‍ കാസര്‍കോട്ടെ വര്‍ഗ്ഗീയ സംഘര്‍ഷം അടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനാകുമെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി യൂത്ത് ക്ലബ്ബ് ഭാരവാഹികളുടെ യോഗം ഇന്നു രാവിലെ നടന്നു. ജനമൈത്രി പോലീസിന്റെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment