പെര്‍ള: [www.malabarflash.com] കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. അസ്വാഭാവികമരണത്തിനു നേരത്തെ രജിസ്റ്റര്‍ ചെയ്‌ത കേസ് ബോധ പൂര്‍വ്വമല്ലാത്ത കൊലപാതകമാക്കി മാറ്റുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെര്‍ള, ബജ കൂഡ്‌ലു സ്വദേശിയായ സുന്ദര (44)യെ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് വീട്ടിനു അടുത്തു കിണറ്റില്‍ കണ്ടെത്തിയത്. ഞായറാഴ്‌ച കാണാതായ ഇയാള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതായിരിക്കുമെന്ന സംശയമാണ് ആദ്യം ഉണ്ടായ്. ഇതേ തുടര്‍ന്ന് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്‌ടര്‍മാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജഡം പരിയാരം മെഡിക്കല്‍ കോളേജിലേയ്‌ക്കു കൊണ്ടുപോവുകയായിരുന്നു. ഷോക്കേറ്റാണ് സുന്ദര മരിച്ചതെന്നും വെള്ളത്തില്‍ മുങ്ങിയില്ലെന്നുമായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇതേ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ:-“അയല്‍വാസിയായ വാമന നായിക് കര്‍ഷകനാണ്. കാട്ടു പന്നികളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്. അതിനാല്‍ ശല്യം നേരിടുന്നതിനായി കമ്പികള്‍ സ്ഥാപിച്ച് വൈദ്യുതി കടത്തി വിട്ടിരുന്നു. ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല. ഞായറാഴ്‌ച രാത്രി സുന്ദര മീന്‍ പിടിക്കാനായി പോകുന്നതിനിടയില്‍ വൈദ്യുതി കടത്തിവിട്ട കമ്പിയില്‍ തട്ടുകയും ഷോക്കേറ്റു മരിക്കുകയും ചെയ്‌തു. പിറ്റേ ദിവസം വാമനനായിക് തോട്ടത്തില്‍ എത്തിയപ്പോള്‍ സുന്ദര മരിച്ചു കിടക്കുന്നതാണ് കണ്ടത്. സംഭവം ആരും അറിയാതിരിക്കാനായി മൃതദേഹം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറില്‍ കൊണ്ടിടുകയായിരുന്നു. മരണപ്പെട്ടതിന്റെ മൂന്നാം നാള്‍ ചൊവ്വാഴ്‌ച്ചയാണ് ജഡം നാട്ടുകാര്‍ കിണറ്റില്‍ കണ്ടെത്തിയത്”.
സംഭവവുമായി ബന്ധപ്പെട്ട് വാമനനായിക്കിനെ ചോദ്യം ചെയ്‌തുവരികയാണെന്നും വൈകുന്നേരത്തോടെ അറസ്റ്റു ചെയ്യുമെന്നും ബദിയഡുക്ക പൊലീസ് അറിയിച്ചു.
Keywords: Accused, Murder, Badiyadukka, Police, Custody, Held, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment