Latest News

റംസാന്‍ രണ്ടാം പത്തില്‍; പാപമോചന പ്രാര്‍ത്ഥനകളുമായി വിശ്വാസികള്‍

കാസര്‍കോട്:[www.malabarflash.com] ആത്മസംസ്‌ക്കരണത്തിന്റെയും വ്രതശുദ്ധിയുടെയും പുണ്യറംസാനിലെ ആദ്യ പത്ത് അവസാനിച്ചു. വ്യാഴാഴ്ച രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ വിശ്വാസികള്‍ പാപമോചന പ്രാര്‍ത്ഥനകളുമായി കൂടുതല്‍ സജീവമാകും.

റംസാന്‍ മാസത്തിലെ ആദ്യ പത്ത് കാരുണ്യത്തിന്റെ ദിനരാത്രങ്ങളായാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ) പരിചയപ്പെടുത്തിയത്. രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും അവസാന പത്ത് നരകമോചനത്തിന്റേതാണ്.
കാരുണ്യവാനായ അല്ലാഹുവിനോട് കരുണ തേടുന്ന പ്രാര്‍ത്ഥനകളിലായിരുന്നു വിശ്വാസികള്‍ ഇതുവരെ. 'ഭൂമിയില്‍ നിങ്ങള്‍ കരുണ കാണിക്കുക... എങ്കില്‍ ആകാശത്തുള്ളവര്‍ നിങ്ങളോട് കാരുണ്യവാനായിരിക്കും' എന്നതാണ് റംസാനിലെ ആദ്യത്തെ പത്ത് നല്‍കുന്ന സന്ദേശം.

ഇനി ചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് പൊറുക്കലിനെ തേടാനായിരിക്കും ശ്രമം. ലോക രക്ഷിതാവായ അല്ലാഹുവെ, എന്റെ പാപങ്ങള്‍ പൊറുത്തുതരണമേ എന്ന് വിശ്വാസികള്‍ ആവര്‍ത്തിച്ച് ഉരുവിടും.

ബദര്‍ ദിനമാണ് റംസാന്‍ രണ്ടാമത്തെ പത്തിലെ മറ്റൊരു പ്രത്യേകത. മുഹമ്മദ് നബിയുടെ പ്രബോധന കാലത്ത് നടന്ന ആദ്യയുദ്ധമാണ് ബദര്‍. അധര്‍മ്മത്തിനെതിരെ റംസാന്‍ 17 നായിരുന്നു ബദര്‍ യുദ്ധം. അതിന്റെ ഓര്‍മ്മപുതുക്കലാണ് ബദര്‍ ദിനം. അന്ന് പള്ളികളില്‍ ബദര്‍ പോരാളികളുടെ പ്രകീര്‍ത്തനവും പ്രാര്‍ത്ഥനാ സദസ്സുകളുമുണ്ടാകും, അന്നദാനവും നടക്കും.

രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ ഇഫ്താര്‍ സംഗമങ്ങളും റിലീഫ് പ്രവര്‍ത്തനങ്ങളും കൂടുതല്‍ സജീവമാകും. വ്രതാനുഷ്ഠാനത്തിലൂടെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പാവങ്ങളുടെ വിശപ്പറിയുന്ന വിശ്വാസികള്‍ സഹജീവികളുടെ കണ്ണീരൊപ്പാന്‍ സമയവും സമ്പത്തും ചെലവിടും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.