Latest News

പച്ചയുടെയും കാവിയുടെയും പേരില്‍ തമ്മിലടിക്കുന്നത് മണ്ടത്തരം - പോലീസ് മേധാവി

കാസര്‍കോട്:[www.malabarflash.com] പച്ചയുടെയും കാവിയുടെയും പേരില്‍ തമ്മിലടിക്കുന്നത് മണ്ടത്തരമാണെന്ന് ജില്ലാ പോലീസ് മേധാവി. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ 'പോലീസ് ജാഗ്രതാ സദസ്സ്' എന്ന പേരിലുള്ള ക്ലബ് ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മറ്റെവിടെയും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിചിത്രമായ കാര്യങ്ങളാണ് കാസര്‍കോട്ടുള്ളത്. ക്ലബ്ബുകള്‍ പോലും മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു നിര്‍ത്തിയിരിക്കുന്നു. പരസ്​പരം നോക്കി കണ്ണുതുറുക്കുന്നു, തുപ്പുന്നു, ബൈക്ക് റേസ് ചെയ്ത് കാണിക്കുന്നു തുടങ്ങിയ സംഭവങ്ങളില്‍ നിന്നൊക്കെയാണ് ഇവിടെ പ്രശ്‌നങ്ങളുടെ തുടക്കം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മതത്തിന്റെയും നിറത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുന്നത് ചെറുപ്പക്കാരാണ്.

കാസര്‍കോട് ജില്ലയില്‍ 16 വയസ്സിനും 32 വയസ്സിനും ഇടയിലുള്ളവരാണ് മിക്ക കേസുകളിലെയും പ്രതികള്‍. ഇവരില്‍ പലരുടെയും പേരില്‍ 14 കേസുകള്‍ വരെയുണ്ട്. പ്രശ്‌നബാധിത ജില്ല എന്ന പേരില്‍ കാസര്‍കോട്ടേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ക്ക് പേടിയാണ്. കാസര്‍കോട്ടേക്കുള്ള സ്ഥലംമാറ്റം പണിഷ്‌മെന്റ് ആയാണ് കണക്കാക്കുന്നത്. അടുത്തിടെ ഒരു ഉദ്യോഗസ്ഥനെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റി എന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ അതിനെതിരെ കാസര്‍കോട്ടുകാര്‍ ഫേസ്ബുക്കിലൂടെ ശക്തമായി പ്രതികരിച്ചു എന്നതില്‍ സന്തോഷമുണ്ട്.


കാസര്‍കോടിന്റെ സമാധാനം ഏറ്റവും അധികം ആഗ്രഹിക്കേണ്ടത് ഇവിടത്തുകാര്‍ തന്നെയാണ്. ജില്ലയുടെ അടിസ്ഥാന ആവശ്യങ്ങളില്‍ നിന്ന് നാട്ടുകാരുടെ ശ്രദ്ധമാറിപ്പോകുന്നു. പ്രശ്‌നബാധിതപ്രദേശമായി കാസര്‍കോട് അറിയപ്പെടണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടത്തുകാരാണ്. നാളെ നിങ്ങളുടെ മക്കളും ജീവിക്കേണ്ടത് ഇവിടെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ എം.പി.ആസാദ് അധ്യക്ഷത വഹിച്ചു. എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്‍, ജനമൈത്രി പോലീസ് പി.ആര്‍.ഒ. കെ.പി.വി. രാജീവന്‍, ബീറ്റ് ഓഫീസര്‍ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട്ടെ വര്‍ഗീയ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനും സാമൂഹികമായ ഏകീകരണം സാധ്യമാക്കുന്നതിനും വേണ്ടിയാണ് പോലീസ് ജാഗ്രത സദസ്സ് എന്ന ആശയം രൂപം കൊണ്ടിരിക്കുന്നത്. വരുംദിവസങ്ങളില്‍ മറ്റ് പോലീസ് സ്റ്റേഷന്‍ പരിധികളിലും ഇത്തരം സംഗമങ്ങള്‍ നടക്കും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.