Latest News

ഹംഗറി സര്‍ക്കാരിന്റെ വിശിഷ്ട പുരസ്‌കാരം മലയാളിയായ ദിനേശ് പി തമ്പിയ്ക്ക്


ബുഡാപെസ്റ്റ്: [www.malabarflash.com] ഹംഗറിയിലെ ടി.സി.എസ് (ടാറ്റാ കണ്‍സള്‍ന്‍സി സര്‍വീസസ്) ഗ്ലോബല്‍ ഡെലിവറി സെന്ററിന്റെ മുന്‍ മേധാവിയായ ദിനേശ് പി. തമ്പിയ്ക്ക് നൈറ്റ്‌സ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്. രാജ്യത്തിന്റെ വ്യവസായ മേഖലയില്‍ അസാധാരണമായ സംഭാവനകള്‍ നല്കുന്ന വ്യക്തികള്‍ക്ക് ഹംഗറി സര്‍ക്കാര്‍ ബഹുമാനാര്‍ത്ഥം നല്‍കുന്ന പ്രത്യേക പുരസ്‌കാരമാണ് ‘നൈറ്റ്‌സ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മെറിറ്റ്.

ബഹുരാഷ്ട്ര കമ്പനിയായ ടിസിഎസ് ഗ്ലോബല്‍ ഡെലിവറി സെന്ററിലൂടെ അദ്ദേഹം ഹംഗറിയുടെ വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിനും, ആദര്‍ശപരമായ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയതും പരിഗണിച്ചാണ് അവാര്‍ഡ്. ടിസിഎസിന്റെ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ കമ്പനിയുടെ ബിസിനസ്സ് ഉദ്യമങ്ങളില്‍ വിദ്യാഭ്യാസ, പരിസ്ഥിതി പരിപാടികള്‍ക്കും, കായിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിച്ചതും പുരസ്‌കാര വേളയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ഇന്ത്യയും ഹംഗറിയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ ദിനേശ് തമ്പി നല്കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടതും അനന്യവുമായിരുന്നെന്ന് ചടങ്ങില്‍ വിലയിരുത്തി.

മൂന്ന് പതിറ്റാണ്ടോളമായി കോര്‍പേറേര്‍റ്റ് സെക്റ്ററില്‍ സേവനം അനുഷ്ഠിക്കുന്ന അദ്ദേഹം 1992ലാണ് ടിസിഎസില്‍ എത്തുന്നത്. അമേരിക്കയും ബ്രിട്ടനുമടക്കം വിവിധ രാജ്യങ്ങളുമായി കമ്പനിയെ ബന്ധിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അദ്ദേഹം 2009ലാണ് ഹംഗറിയിലെ കമ്പനിയുടെ ചുമതല ഏറ്റെടുക്കുന്നത്. അസാമാന്യമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കമ്പനിയിലൂടെ രാജ്യത്ത് അവതരിപ്പിച്ചത്. നൂറ് കണക്കിന് തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ടിസിഎസിന്റെ വാര്‍ഷിക ബിസിനസ് അവാര്‍ഡ് ചടങ്ങില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഗ്ലോബല്‍ ഡെലിവറി സെന്ററിന്റെ പുരസ്‌കാരവും ഹംഗറിയ്ക്ക് നേടികൊടുത്തതും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ആയിരുന്നു. കേരളത്തിലെ ടിസിഎസിന്റെ വൈസ് പ്രസിഡന്റും, ഡെലിവറി സെന്റര്‍ മേധാവിയുമാണ് ദിനേശ് ഇപ്പോള്‍.

ഹംഗറിയുടെ വിദേശകാര്യ മന്ത്രാലയം ബുഡാപെസ്റ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തികസഹകരണത്തിനുള്ള ജോയിന്റ് കമ്മിഷന്റെ ഉപാധ്യക്ഷന്‍ ഡോ. ലാസ്ലോ സ്ലാബൊ അദ്ദേഹത്തിനു അവാര്‍ഡ് സമ്മാനിച്ചു. ഹംഗറി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും നിരവധി ഉദ്യോഗസ്ഥരും, ഇന്ത്യന്‍ എംബസ്സിയില്‍ നിന്നുള്ളവരും, ഇന്ത്യയിലെ ഹംഗറി നയതന്ത്രകാര്യാലത്തിന്റെ സ്ഥാനപതിയും, നിരവധി മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.