Latest News

സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടാന്‍ പോലീസ് വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ വിദേശിയെ പിടികൂടി

കൊച്ചി:[www.malabarflash.com] പോലീസ് വാഹനത്തില്‍നിന്ന് ഇറങ്ങിയോടി ഒന്നും അറിയാത്തപോലെ സമീപത്തെ വീട്ടില്‍ കയറിയിരുന്ന വിദേശിയായ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ഇത്യോപ്യ സ്വദേശി സ്‌കള്ളാസാണ് (28) അടുത്തകാലത്തിറങ്ങിയ സിനിമയിലെപ്പോലുള്ള രംഗങ്ങള്‍ക്കു വഴിയൊരുക്കിയത്.

കവര്‍ച്ച നടത്താനുള്ള ഉപകരണങ്ങളുമായി രണ്ടാഴ്ച മുന്‍പാണു സെന്‍ട്രല്‍ പോലീസ് സ്‌കള്ളാസിനെ പിടികൂടിയത്. റിമാന്‍ഡ് നീട്ടാന്‍ തിങ്കളാഴ്ച കോടതിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു കടന്നുകളയാനുള്ള ശ്രമം. കടവന്ത്രയിലെ ഗതാഗതക്കുരുക്കിനിടെ വണ്ടിയില്‍നിന്നു പുറത്തുചാടി. വിലങ്ങുമായി ഓടിയ സ്‌കള്ളാസ് സമീപത്തെ വീട്ടില്‍ കയറി അതിഥിയെപ്പോലെ ടിവിക്കു മുന്നിലെ സോഫയില്‍ ഇരുന്നു.

വിലങ്ങു കാണാതിരിക്കാന്‍ ഷര്‍ട്ട് കഴുത്തിലൂടെ ഊരി കൈകള്‍ പൊതിഞ്ഞിരുന്നു. വീട്ടുകാര്‍ ഭയന്നു ബഹളമുണ്ടാക്കിയപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി. വിദേശിയായതിനാല്‍ നാട്ടുകാര്‍ക്കു പെട്ടെന്നു തിരിച്ചറിയാനായി. യാത്രാരേഖകള്‍ ഇല്ലാതെയാണു സ്‌കള്ളാസ് കേരളത്തില്‍ എത്തിയത്.

നൈറ്റ് പട്രോളിങ്ങിനിടെ സംശയം തോന്നിയാണു കസ്റ്റഡിയില്‍ എടുത്തത്. ബെംഗളൂരുവില്‍ നിയമം പഠിക്കുന്ന ടാന്‍സനിയ സ്വദേശിയായ കാമുകിയെ സന്ദര്‍ശിക്കാനാണ് ഇന്ത്യയില്‍ എത്തിയതെന്നാണു സ്‌കള്ളാസ് പറഞ്ഞത്. എന്നാല്‍ ചോദ്യംചെയ്യലില്‍ ഇയാള്‍ പലതവണ മൊഴിമാറ്റുകയും ചെയ്തു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.