Latest News

മലയാളികള്‍ക്ക് ചളിയടിക്കാന്‍ പുതിയ ‘മെഷ്യന്‍’


[www.malabarflash.com] ഫോട്ടോഷോപ്പ് അറിയാത്തത് കൊണ്ട് ഐ.സി.യുവിലും ട്രോള്‍ മലയാളത്തിലും പോസ്റ്റിടാന്‍ കഴിയാതെ ബുദ്ധിമുട്ടന്നവര്‍ക്കായി ഒരു പുതിയ മെഷ്യന്‍. നിങ്ങളുടെ മനസിലുദിക്കുന്ന ആശയങ്ങളെ ട്രോളാക്കി മാറ്റാന്‍ എളുപ്പത്തില്‍ സഹായിക്കുന്നതാണ് ഈ ‘ചെളി മെഷ്യന്‍’

വരയ്ക്കാന്‍ അറിയാത്തവര്‍ക്കായി ചിത്രങ്ങളും മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ടൈപ്പ് ചെയ്യാനും ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത് പുതിയ മീം ഉണ്ടാക്കാനും ഈ മെഷ്യനില്‍ നിങ്ങള്‍ക്ക് സാധിക്കും.

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളായ എസ്.എം.സി, ഐ.സി.യു, മഗ്ര എന്നിവയുടെ അണിയറ പ്രവര്‍ത്തകരായ ലബീബ് എം, ഹിരണ്‍ വേണുഗോപാലന്‍, ഹൃഷികേശ് കെബി, ഓറിയോണ്‍ ചമ്പാടിയില്‍, മുനീഫ് ഹമീദ് എന്നിവരാണ് ‘ചെളി മെഷ്യന്’ പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത്.

കാര്‍ട്ടൂണിനുള്ള ഐഡിയ ഉണ്ടായിട്ടും വരയ്ക്കാന്‍ അറിയാതിരുന്നതു കൊണ്ട് അതിനു ശ്രമിയ്ക്കാത്ത ആളുകള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു വെബ്‌സൈറ്റുമായി ഇവര്‍ രംഗത്തെത്താന്‍ കാരണം.

തങ്ങളുടെ വെബ്‌സൈറ്റിനെ കുറിച്ച് ഇവര്‍ക്ക് പറയാനുള്ളത് ഇതാണ്. ‘മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണ്ട, ഫോട്ടോഷോപ്പ് അറിയണ്ട. ലോഗിന്‍ ചെയ്യുക, ചുമ്മാ അങ്ങു കാര്‍ട്ടൂണുണ്ടാക്കുക, ഡൗണ്‍ലോഡ് ചെയ്യുക, എവിടാന്നു വച്ചാല്‍ പോസ്റ്റ് ചെയ്യുക. അത്രമാത്രം.’

ചെളി മെഷ്യനെക്കുറിച്ച് വെബ്‌സൈറ്റ് നല്‍കിയ ആമുഖം
നിങ്ങളുടെ ചളികള്‍ മനസ്സില്‍ നിന്നും കംപ്യൂട്ടറിലേക്ക് പകര്‍ത്താന്‍ സാധിക്കാതെ വരുന്നുണ്ടോ? നിങ്ങള്‍ക്ക് ചളു ഉണ്ടാക്കാന്‍ സഹായിക്കുന്ന ആ ഡിസൈനര്‍ വന്‍ ജാഡയും ഷോയും കാണിക്കുന്നോ? ഫോട്ടോഷോപ്പിലെ ‘ണ്ട’ നിങ്ങളെ അലട്ടുന്നുവോ? ഇതാ ഒരു പരിഹാരം ചളി മിഷ്യന്‍.

പഴയ എം എസ് പെയിന്റ് മറന്നേക്കൂ… സ്‌ക്രീന്‍ഷോട്ടെടുത്ത് കൂട്ടി ഒട്ടിക്കലൊന്നും ഇനി വേണ്ടേ വേണ്ടാ. ഇതാ വന്നിരിക്കുന്നു ചളി മിഷ്യന്‍. സൈഡിലെ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യൂ, ചിത്രങ്ങളെ വലുതും ചെറുതും ആക്കൂ… ചെരിക്കൂ… തിരിക്കൂ…

ഇതില്‍ മലയാളം ഫോണ്ടും ഉണ്ടല്ലോ.

അതേ! അതാണ് ഞാന്‍ പറഞ്ഞുവന്നത്. ഇതില്‍ മലയാളം ലഭ്യമാണ്. നിങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കാന്‍ ഇതില്‍ അഞ്ച് യുണിക്കോഡ് ഫോണ്ടുകള്‍ ഉണ്ട്!

വൗ ജോണ്‍! എനിക്ക് വിശ്വസിക്കാനാവുന്നില്ല! ഇതെന്തെളുപ്പമാണ്‍

അതേ, നോക്കി നില്‍ക്കാതെ ഉടന്‍ തന്നെ ചളിയുണ്ടാക്കി അവ ഡൗണ്‍ലോഡ് ചെയ്യൂ..

എന്താണ് ചളി മിഷ്യന്‍?

ചളികള്‍, മീമുകള്‍ ഉണ്ടാക്കാനുള്ള ഒരു വെബ് സെറ്റപ്പ് ആണ് ചളി മിഷ്യന്‍. ആനക്കാര്യമോ റോക്കറ്റ് സയന്‍സോ ഒന്നുമില്ല. പെയിന്റില്‍ എഡിറ്റ് ചെയ്യാന്‍ പറ്റാത്ത, ഫോട്ടോഷോപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കു വേണ്ടി എളുപ്പത്തില്‍ ചളികള്‍ ഇറക്കാന്‍ സാഹായിക്കുന്ന ഒരു വെബ് സൈറ്റ്. അത്ര തന്നേ!

ആരാണ് ഇതിന്റെ പിന്നില്‍?

അഞ്ചു പേര്‍ ചേര്‍ന്നാണ് ഇത് ഉണ്ടാക്കിയത്. ലബീബ് എം, ഓറിയോണ്‍ ചമ്പാടിയില്‍, ഋഷികേശ് കെ ബി, മുനീഫ് ഹമീദ്, , ഹിരണ്‍ വേണുഗോപാലന്‍. ഒരു എസ് എം സി, ഐ സി യു, മഗ്ര സംരംഭം എന്ന് വേണമെങ്കില്‍ പറയാം.

എങ്ങനെ ഇതൊപ്പിച്ചു?

ഫാബ്രിക്ക് എന്ന ജാവാ സ്‌ക്രിപ്റ്റാണ് താരം. പിന്നണിയില്‍ പൈത്തണ്‍ ജാങ്കൊ. മുന്‍ ഭാഗം മോടി പിടിപ്പിച്ചത് ബൂട്ട് സ്റ്റ്രാപ്പ്. ഫോണ്ടുകള്‍ എസ് എം സി വക. മലയാളം ടൈപ്പിങ്ങ് ജാവ സ്‌ക്രിപ്റ്റ് ബൈ സിബു. പിന്നെ പലവിധ ജാവാസ്‌ക്രിപ്റ്റുകളും കൂടി ഉപയോഗിച്ചു.

തെറ്റുകള്‍ / നിര്‍ദ്ദേശങ്ങള്‍ എവിടെ അറിയിക്കണം?

ചളിമിഷ്യന്‍ ഒരു സ്വതന്ത്ര പ്രോജക്റ്റ് ആണ്. ഗ്‌നു ജി പി എല്‍ 3 ആണ് ലൈസണ്‍സ്.ഇവിടെ ഈ ലിങ്കില്‍ ഫീച്ചറുകള്‍ നിര്‍ദ്ദേശിക്കാം ഇനി എന്തൊക്കെയാണ് ഉദ്ദേശമെന്നും അറിയാം (to do). ഇവിടെ നോക്കിയാല്‍ എന്തൊക്കെ ചെയ്തു എന്നും (changelog).

കാര്‍ട്ടൂണുകള്‍ എങ്ങനെ ഒപ്പിച്ചു?

ഇപ്പോള്‍ ഉള്ള ഒരു സെറ്റ് ചിത്രങ്ങള്‍ ഓറിയോണ്‍ വരച്ചതാണ്. ആ ചിത്രങ്ങള്‍ ക്രിയേറ്റിവ് കോമണ്‍സ് ലൈസെസിലാണ്. Creative Commons BYNCSA (ലതായത് ക്രഡിറ്റ് നല്‍കണം, കൊമേര്‍സ്യലായി ഉപയോഗിക്കുന്നതിനു അനുവാദം വാങ്ങണം)

ഞാന്‍ വരയ്ക്കും, എനിക്കും കളക്ഷന്‍ ഉണ്ടാക്കാന്‍ സാധിക്കുമോ?

തീര്‍ച്ചയായും. ഒരു കളക്ഷന്‍ (മിനിമം 12 ചിത്രമെങ്കിലും) വരച്ച് ഞങ്ങള്‍ക്ക് ഈ വിലാസത്തിലേക്ക് അയച്ച് തരിക: chalimachinepeople at gmail dot com കാരക്ടറുകളുടെ എണ്ണം എത്ര കൂടുന്നോ, അത്രയും നല്ലത്. വരച്ച ചിത്രത്തിന്റെ ലൈസെന്‍സ് ക്രിയേറ്റിവ് കോമണ്‍സ് ആക്കാന്‍ സമ്മതമാണെന്നും ആ മെയിലില്‍ സൂചിപ്പിക്കണം. വരയ്ക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ കാരക്ടറുകളുടെ ഉള്‍വശം ഫില്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ഒന്നിനു മുകളില്‍ ഒന്നായി സ്റ്റാക് ചെയ്യേണ്ടി വന്നാല്‍ വരകള്‍ തമ്മില്‍ കൂടിക്കുഴയും. കാരക്ടറുകള്‍ 200 X 400 പിക്‌സല്‍ ഡൈമെന്‍ഷനുള്ള ട്രാന്‍സ്പരെന്റ് PNG ഫയലുകളായിട്ടാണ് അയക്കേണ്ടത്. ഒരു ഫയലില്‍ ഒരു കാരക്ടര്‍.

കളക്ഷനുകളില്‍ എന്തൊക്കെയാവാം? വൃത്തികേടുകള്‍ പ്രോത്സാഹിപ്പിക്കില്ല. അതു പോലെ കോപ്പിറൈറ്റുള്ള കഥാപ്രാത്രങ്ങളെ വരച്ച് ഞങ്ങളെ ആപ്പിലാക്കരുത്. കളക്ഷനിലെ ചിത്രങ്ങള്‍ക്ക് പൊതു സ്വഭാവം വേണം. ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ആവണം എന്നില്ല, പക്ഷെ പശ്ചാത്തലം ട്രാന്‍സ്പാരന്റ് ആവണം.

എന്റെ കൈയില്‍ ചളിക്ക് പറ്റിയ സിനിമ സ്‌ക്രീന്‍ഷോട്ട്‌സ് ഉണ്ട്. അത് കളക്ഷന്‍ ആക്കാമോ? വേണ്ടാ, സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വേറൊരു പരിപാടി പ്ലാന്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ അവ വേണ്ട.

എന്റെ ഗ്രൂപ്പിന്റെ/പേജിന്റെ ലോഗോ കൂടി ആ ലോഗോ കളക്ഷനില്‍ ഉള്‍പ്പെടുത്താവോ? പിന്നെന്താ, 200×200 സൈസില്‍ ആ ലോഗൊ ട്രാന്റ്പരന്റ് ബാക്ഗ്രൗണ്ടില്‍ PNG ഫോര്‍മാറ്റില്‍ chalimachinepeople at gmail dot com എന്ന ഇമെയിലിലേക്ക് അയച്ച് തരൂ. ഒന്നിനെക്കാള്‍ കൂടുതല്‍ ലോഗോ ആവാം. അയക്കുമ്പോള്‍ പേജിന്റെ/ഗ്രൂപ്പിന്റെ ലിങ്ക് തരാന്‍ മറക്കണ്ടാ.

കിടു പ്രൊജക്റ്റ്. എങ്ങനാ നിങ്ങളെ ഒന്ന് പ്രോത്സാഹിപ്പിക്കാ? സ്‌നേഹിച്ചോളൂ സ്‌നേഹിച്ചോളൂ… എത്ര വേണമെങ്കിലും സ്‌നേഹിച്ചോളൂ. ബാംഗ്ലൂര്‍, കൊച്ചി, കോഴിക്കോട്, മലപ്പൂറം, പാലക്കാട് പ്രാന്തപ്രദേശങ്ങളില്‍ ഞങ്ങളുടെ സാന്നിധ്യം ഉണ്ടാവുന്നതാണ്. വൈകീട്ടെന്താ പരിപാടി? (ആ മേലേ പറഞ്ഞ ഈമെയില്‍ ഐഡി തന്നെ!)

വേറെന്തെങ്കിലും പറയാന്‍ ഉണ്ടോ? ഉണ്ട്. ചളിമിഷ്യന്‍ ഒരു ടൂള്‍ മാത്രമാണ്. സോഫ്റ്റ് വെയര്‍. ഇതില്‍ ആര്‍ക്കും വന്ന് ചളികള്‍ ഉണ്ടാക്കാം. ഉപയോഗിക്കുന്ന ആളുകള്‍ ഉണ്ടാക്കുന്ന കണ്ടന്റിന്റെ ഉത്തരവാദികള്‍ ഞങ്ങള്‍ അല്ല. ഞങ്ങള്‍ ‘ചളിമിഷ്യന്‍’ എന്ന ടൂള്‍ മാത്രമേ പബ്ലിക് ആക്കുന്നുള്ളൂ. കണ്ടന്റ് ഞങ്ങളുടേതല്ല.

സമര്‍പ്പണം കാര്‍ട്ടൂണെന്തെന്നും ഹാസ്യമെന്തെന്നും പഠിപ്പിച്ചു തന്ന ടോംസ് മാഷിന്

Keywords: Social Media, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.