ന്യൂഡൽഹി[www.malabarflash.com]: കടം വാങ്ങിയ 15 രൂപ മടക്കി നൽകാത്തതിന്റെ പേരിൽ കടയുടമ ദലിത് വിഭാഗത്തിൽപ്പെട്ട ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഉത്തർപ്രദേശിലെ മയിൻപൂരി ജില്ലയിലാണ് സംഭവം. ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കടയുടമയായ അശോക് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏതാനും ദിവസം മുൻപ് ദമ്പതികൾ അശോക് മിശ്രയുടെ പക്കല്‍ നിന്നും 15 രൂപ കടമായി കൈപ്പറ്റിയിരുന്നു. വ്യാഴാഴ്ച രാവിലെ പണിസ്ഥലത്തേക്കു പോകുകയായിരുന്ന ദമ്പതികളോട് ഇയാൾ പണം മടക്കി നൽകാൻ ആവശ്യപ്പെട്ടു. ഇപ്പോൾ കൈയിൽ പണമില്ലെന്നും വൈകിട്ട് മടങ്ങിവരുമ്പോൾ പണം തിരിച്ചുനൽകാമെന്നും പറഞ്ഞ ദമ്പതികളെ അശോക് മിശ്ര തടഞ്ഞുവച്ചു.
ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കോപാകുലനായ അശോക് മിശ്ര, കടയിൽനിന്നും മഴുവെടുത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ദമ്പതികൾ റോഡിൽ തളർന്നുവീഴുംവരെ ആക്രമണം തുടർന്ന മിശ്ര, പിന്നീട് സ്ഥലം വിട്ടു.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും അപ്പോഴേക്കും മരിച്ചിരുന്നു. ഒരു കൂട് ബിസ്കറ്റ് വാങ്ങാനായിട്ടാണ് തന്റെ മകൻ 15 രൂപ കടയിൽനിന്നും കടമായി വാങ്ങിയതെന്ന് മരിച്ച യുവാവിന്റെ അമ്മ പിന്നീട് പറഞ്ഞു. അശോക് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവിന്റെ മണ്ഡലമാണ് സംഭവം നടന്ന മയിൻപൂരി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment