[www.malabarflash.com] റെക്കോര്‍ഡുകള്‍ പലത് തകര്‍ത്ത് മുന്നേറുകയാണ് സല്‍മാന്‍ ചിത്രം ‘സുല്‍ത്താന്‍’. അലി അബ്ബാസ് സഫറിന്റെ സംവിധാനത്തില്‍ സുല്‍ത്താന്‍ അലി ഖാന്‍ എന്ന ഹരിയാനക്കാരന്‍ ഗുസ്തിക്കാരനായി സല്‍മാന്‍ എത്തുന്ന ചിത്രം പ്രേക്ഷകര്‍ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. 35 ബോക്‌സ് ഓഫീസ് റെക്കോര്‍ടുകളാണ്സുല്‍ത്താന്‍ ആദ്യ അഞ്ച് ദിവസത്തില്‍ തകര്‍ത്തത്.
സല്‍മാനുമായുള്ള സുല്‍ത്താന്‍ അനുഭവങ്ങള്‍ പറയുകയാണ് സംവിധായകന്‍ അലി അബ്ബാസ് സഫര്‍. സുല്‍ത്താനിലെ ഒരു രംഗം മാത്രം സല്‍മാനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നന്നേ പാടുപെട്ടുവെന്ന് പറയുന്നു സഫര്‍, ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തില്‍.
'സല്‍മാന്‍ ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് തന്റെ പ്രതിരൂപം കാണുന്ന ഒരു രംഗമുണ്ട് സിനിമയില്‍. ഗോദയിലേക്ക് ഇറങ്ങാന്‍ താന്‍ പാകമല്ലെന്ന് തിരിച്ചറിഞ്ഞ് കരയുന്നതാണ് സീന്‍. പക്ഷേ അത് ചെയ്യാന്‍ സല്‍മാന്‍ ഭായിക്ക് വലിയ ഭയമായിരുന്നു. ശാരീരികമായി ബുദ്ധിമുട്ടേറിയ ഒട്ടേറെ രംഗങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. പക്ഷേ ഈ ഒരു രംഗം മാത്രമാണ് അദ്ദേഹം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞത്. മൂന്ന് മാസമെടുത്തു അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്തി സമ്മതിപ്പിക്കാന്‍. -അലി അബ്ബാസ് സഫര്‍, സുല്‍ത്താന്‍ സംവിധായകന്‍
ചിത്രീകരണം ആരംഭിച്ചത് മുതല്‍ താന്‍ ഈ രംഗത്തെക്കുറിച്ച് സല്‍മാനോട് സംസാരിക്കാറുണ്ടായിരുന്നെന്ന് പറയുന്നു അലി അബ്ബാസ് സഫര്‍. ‘ചിത്രീകരണം ആരംഭിച്ച മഹാരാഷ്ട്രയിലെ കര്‍ജാത്തില്‍ ആ രംഗത്തിന് വേണ്ട സെറ്റൊരുക്കി ആദ്യം. പിന്നീട് ഫിലിംസിറ്റിയിലും വൈആര്‍എഫ് (യാഷ് രാജ് ഫിലിംസ്) സ്റ്റുഡിയോയിലും സെറ്റൊരുക്കി. പിന്നീട് വീണ്ടും ഫിലിംസിറ്റിയില്‍. പക്ഷേ അപ്പോഴൊക്കെ അദ്ദേഹം പറഞ്ഞിരുന്നത് ഞാനിത് ചെയ്യാന്‍ പോകുന്നില്ലെന്നാണ്. ഞാനിത് എങ്ങനെ ചെയ്യുമെന്നും എന്നോട് പല തവണ ചോദിച്ചു.’
എന്നാല്‍ പൊടുന്നനെ ഒരു ദിവസം ഈ രംഗത്തിന് താന്‍ തയ്യാറാണെന്നും ഇന്നുതന്നെ ചിത്രീകരിക്കണമെന്നും സല്‍മാന്‍ പറഞ്ഞതായും അലി അബ്ബാസ് സഫര്‍ പറയുന്നു. ‘രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി വര്‍ക്കൗട്ട് ചെയ്ത് ഒരു ദിവസം അദ്ദേഹം മുന്നിലെത്തി. ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന രംഗമാണതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മുന്നൂറ് പേര്‍ നോക്കിനിര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ആ സീന്‍ അഭിനയിക്കണമായിരുന്നു. പക്ഷേ ഒറ്റ ടേക്കില്‍ ആ സീനിന് ഞാന്‍ ഓകെ പറഞ്ഞു. അത്രയ്ക്ക് ഗംഭീരമായാണ് സല്‍മാന്‍ ഭായി ക്യാമറയ്ക്ക് മുന്നില്‍ പെരുമാറിയത്. കട്ട് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. ഗ്ലിസറിന്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല. എന്റെ മുഖത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞു അദ്ദേഹം’, സുല്‍ത്താന്‍ സംവിധായകന്‍ പറയുന്നു.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment