Latest News

മൈക്രോമാക്‌സിന്റെ ഫോൺ വാങ്ങി കുരുക്കിലായ കോതമംഗലം സ്വദേശി

കൊച്ചി:[www.malabarflash.com] വിപണിയിൽ മൊബൈൽ ഫോണുകൾക്കും ബ്രാൻഡുകൾക്കും പഞ്ഞമില്ല. അയ്യായിരം രൂപ മുതൽ പതിനായിരങ്ങൾ വിലയുള്ള സ്മാർട്‌ഫോണുകൾ കിട്ടാനുണ്ട്. ഇവയെല്ലാം എത്രമാത്രം വിശ്വസ്തമാണെന്ന ചോദ്യം ഉയർത്തുകയാണു മൈക്രോമാക്‌സിന്റെ ഫോൺ വാങ്ങി കുരുക്കിലായ കോതമംഗലം സ്വദേശി വിഷ്ണു.

ആറായിരം രൂപയ്ക്കു വാങ്ങിയ മൈക്രോമാക്‌സിന്റെ ഫോൺ പതിനഞ്ചാം ദിവസം കേടായപ്പോൾ നന്നാക്കാൻ സർവീസ് സെന്ററിലെത്തിയപ്പോൾ കള്ളക്കടത്തിലൂടെയെത്തിയതാണെന്നും നന്നാക്കിക്കൊടുക്കാനാവില്ലെന്നുമായിരുന്നു മറുപടി. പണം തിരികെ കിട്ടാൻ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണു വിഷ്ണു.

കോതമംഗലം കോട്ടപ്പട വടാശേരി വിഷ്ണുകൃഷ്ണനാണ് സഹോദരിയുടെ മകൾക്ക് ആറായിരം രൂപ മുടക്കി ഫോൺ വാങ്ങിനൽകിയത്. പതിനഞ്ചു ദിവസം കഴിഞ്ഞപ്പോഴേ ഫോൺ അടിക്കടി റീസ്റ്റാർട്ടാകാനും സംസാരിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും ചൂടാകാനും തുടങ്ങി. ഏപ്രിൽ ഇരുപത്തഞ്ചിന് കോതമംഗലം ബസേലിയോസ് ആശുപത്രിക്കു സമീപത്തെ എം എസ് മൊബൈൽസ് എന്ന കടയിൽനിന്നാണ് വിഷ്ണു ഫോൺ വാഹ്ങിയത്. മൈക്രോമാക്‌സിന്റെ കാൻവാസ് ഫയർ 2 ആയിരുന്നു മോഡൽ.

ഫോണിനു തകരാറു കണ്ടപ്പോൾ കടയിൽ കൊടുത്തു. സർവീസ് സെന്ററിൽ നൽകാനായിരുന്നു മറുപടി. മേയ് ഇരുപത്തഞ്ചിനു പെരുമ്പാവൂരിലെ സർവീസ് സെന്ററിൽ ഫോൺ ഏൽപിച്ചു. നികുതിവെട്ടിച്ച് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണു ഫോണെന്നും അതിനാൽ വാറന്റിയിൽ നന്നാക്കാനാവില്ലെന്നുമായിരുന്നു സർവീസ് സെന്ററിൽനിന്നുള്ള മറുപടി. തനിക്കൊന്നും ചെയ്യാനാകില്ലെന്നു ഫോൺ വാങ്ങിയ കടയുടമയും മറുപടി നൽകി.

തുടർന്നാണു പോലീസിൽ വിഷ്ണു പരാതി നൽകിയത്. ഫോൺ കേടായ സാഹചര്യത്തിൽ തങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്കു നഷ്ടപരിഹാരം വേണമെന്നും ഫോണിനു നൽകിയ പണം തിരികെ കിട്ടണമെന്നുമാണു പരാതിയിലെ ആവശ്യം. ഇത്തരത്തിൽ നിരവധി ഫോണുകൾ കോതമംഗലത്തെ പല കടകളിലും വിറ്റതായാണ് അറിയാൻ കഴിയുന്നത്. ഫോൺ കേടാകുമ്പോൾ മാത്രമാണ് തട്ടിപ്പിലൂടെ എത്തിച്ച ഫോണുകളാണെന്നു തിരിച്ചറിയുക.

ഇന്ത്യയിൽ വിൽപന ഡിമാൻഡുള്ള ഫോണുകൾക്കു ഡ്യൂപ്ലിക്കേറ്റും ഇറങ്ങിയിട്ടുണ്ട്. നികുതി വെട്ടിച്ചു വരുന്ന ഫോണുകൾ തിരിച്ചറിയാനായി ഇന്ത്യയിൽ വിൽപന സാധ്യമായ ഫോണുകളുടെ സീരിയൽ നമ്പരുകൾ മിക്ക കമ്പനികളും ഡീലർമാർക്കു നൽകിയിട്ടുണ്ട്. ഇതു നോക്കിയാണു നികുതിവെട്ടിച്ച് ഇന്ത്യയിലെത്തിച്ച ഫോണുകൾ ഡീലർമാർ തിരിച്ചറിയുന്നത്. നികുതിവെട്ടിച്ചുകൊണ്ടുവരുന്ന ഫോണുകൾ കമ്പനി നേരിട്ടു നൽകുന്നതിനേക്കാൾ രണ്ടായിരം രൂപ വരെ കുറവിലാണ് കച്ചവടക്കാർക്കു ലഭിക്കുന്നത്. വൻ ലാഭം കിട്ടുന്നതിനാൽ ഒറിജിനലിനേക്കാൾ ഇത്തരം ഫോണുകൾ വിൽക്കാനാണു കടക്കാർക്കു താൽപര്യം.

കേരളത്തിലെ മൊബൈൽ വിപണിയിലെ വൻ തട്ടിപ്പിന്റെ കഥയാണു പുറത്തുവരുന്നത്. അംഗീകൃത ഷോറുമുകളില്‍ നിന്നല്ല ഭൂരിഭാഗം പേരും ഫോണുകൾ വാങ്ങാറുള്ളത്. ചെറിയ മൊബൈൽ ഫോൺ ഷോപ്പുകളിൽ കിട്ടുന്ന മൊബൈൽ ഫോണുകളിൽ പലതും നിയമപ്രകാരം ഇന്ത്യയിലെത്തയതല്ലെന്നു സൂചന നൽകുന്നതാണ് ഈ സംഭവം.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.