ഗുജറാത്ത്: [www.malabarflash.com]പശുത്തോല്‍ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ നാലു യുവാക്കളെ വസ്ത്രമുരിഞ്ഞ് മര്‍ദിച്ചതിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ലോഡ് കണക്കിന് ചത്ത പശുക്കളെ കളക്റ്ററുടെ ഓഫീസിനു മുന്നിൽ കൊണ്ടിട്ടു. ദുര്‍ഗന്ധം സഹിക്കാനാവാതെ കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഇറങ്ങിയോടേണ്ട സ്ഥിതി വന്നു. അഞ്ച് വാഹനങ്ങളില്‍ ചത്ത പശുക്കളുമായി എത്തിയായിരുന്നു പ്രതിഷേധം. ദളിത് കുടുംബത്തെ അപമാനിച്ച ഗോ രക്ഷക് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സൗരാഷ്ട്രയിൽ അക്രമാസക്തരായ ജനക്കൂട്ടം പോലീസിനുനേരെ കല്ലെറിയുകയും ബസുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതി രാജ്യസഭയിൽ തിങ്കളാഴ്ച ഇക്കാര്യം ഉന്നയിക്കുകയും ബഹളങ്ങൾക്കിടയിൽ സഭ നിർത്തിവെക്കുകയും ചെയ്തു.
സ്വയം ഗോസംരക്ഷകരെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘം കഴിഞ്ഞ ആഴ്ച നാല് തുകൽപണിക്കാരെ എസ്.യു.വിൽ കെട്ടിയിട്ട് മർദിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.യുവാക്കളെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളിലൊരാള്‍ ശിവസേനയുടെ ഗിര്‍സോംനാഥ് ജില്ലാ നേതാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ കാറും വീഡിയോയില്‍ വ്യക്തമാണ്. സംഭവവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്.
അക്രമത്തിനിരയായവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കേസ് അന്വേഷിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ പ്രഖ്യാപിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment