Latest News

അഴിമതിക്കേസിൽ അരവിന്ദ് കേജ്‍രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിൽ


ന്യൂഡൽഹി: [www.malabarflash.com]ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. 50 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. രാജേന്ദ്രനൊപ്പം മറ്റുനാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, രാജേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് എഎപി രംഗത്തെത്തി. ഒരു കേന്ദ്രസർക്കാരും ഇത്രയും തരംതാണു പോകരുതെന്നും ആംആദ്മി പാർട്ടിയെ തകർക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.
2002 മുതൽ 2005 വരെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പിന്നീട് വിവരസാങ്കേതിക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മൂല്യവർധിത നികുതി കമ്മിഷണർ തുടങ്ങിയ പദവികൾ വഹിക്കുന്ന കാലയളവിൽ രാജേന്ദ്ര കുമാർ അഴിമതി നടത്തിയെന്ന കേസിൽ അറസ്റ്റിലായെന്നാണ് പ്രാഥമിക വിവരം. ഐടി സെക്രട്ടറിയായിരിക്കെ, സ്വന്തം മേൽനോട്ടത്തിൽ രൂപീകരിച്ച ഇന്റലിജൻസ് കമ്യൂണിക്കേഷൻസ് സിസ്റ്റം എന്ന കമ്പനിയെ പിഎസ്യുവിൽ എംപാനൽ ചെയ്യുകയും ടെൻഡറില്ലാതെ പരസ്യം നൽകുകയും ചെയ്തെന്നാണു പ്രധാന ആരോപണം. 50 കോടിയുടെ പരസ്യം ഇങ്ങനെ നൽകിയിട്ടുണ്ടെന്നു കാണിച്ച് സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥനും ഡൽഹി ഡയലോഗ് കമ്മിഷൻ മെംബർ സെക്രട്ടറിയുമായിരുന്ന ആശിശ് ജോഷിയാണ് രാജേന്ദ്ര കുമാറിനെതിരെ സിബിഐയ്ക്കു പരാതി നൽകിയത്.
കേജ്‍രിവാളിനെപ്പോലെ ഐഐടി ബിരുദധാരിയായ രാജേന്ദ്ര കുമാർ 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഷീലാ ദീക്ഷിത് മന്ത്രിസഭയുടെ കാലത്ത് നഗര വികസന മന്ത്രാലയം, ഊർജം, ഗതാഗതം, വിദ്യാഭ്യാസം, ഐടി, ആരോഗ്യ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ആദ്യ ആം ആദ്മി സർക്കാരിന്റെ കാലത്തും കേജ്‍രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കുമാർ തന്നെയായിരുന്നു. രണ്ടാമത് അധികാരമേറ്റപ്പോഴും വിശ്വസ്തനായ ഉദ്യോഗസ്ഥനെ കേജ്‍രിവാൾ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.