Latest News

സി എം ഉസ്താദ് കേസ് തെളിയുന്നതിനെ പേടിക്കുന്നതാര്...?

ഒപ്പുമരചുവട്ടില്‍ നടന്ന സമരങ്ങളൊക്കെ വിജയിച്ചിട്ടുണ്ടെങ്കില്‍ സി എം ഉസ്താദിന്റെ ഘാതകരെ പിടികൂടാന്‍ വേണ്ടിയുള്ള സമരവും വിജയിക്കുക തന്നെ ചെയ്യും, അതിനു നേതൃത്വം നല്‍കുന്ന ഡി സുരേന്ദ്രനാഥ് എന്ന വൃദ്ധനായ മനുഷ്യന് ആദ്യമായി ബിഗ് സല്യൂട്ട്...

കാരണം കേരള മുസ്‌ലിംങ്ങളുടെ ഏറ്റവും വലിയ പണ്ഡിത സഭയുടെ ഉപാധ്യക്ഷന്റെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള സമരത്തിന് അമുസ്‌ലിമായ ഈ മനുഷ്യന്‍ കണ്ണൂരില്‍ നിന്നും ഏകദേശം എല്ലാ ദിവസവും കാസര്‍കോട്ട് ഒപ്പുമര ചുവട്ടിലെത്തി ചതഞ്ഞിരുന്നു മുദ്രാവാക്യം വിളിക്കേണ്ട ആവശ്യകതയെ കുറിച്ചോര്‍ത്തപ്പോള്‍ ആ വലിയ മനുഷ്യന് സല്യൂട്ട് അടിക്കാതിരിക്കാനായില്ല.

സമസ്തയുടെ പണ്ഡിത ശിരോമണികളുടെ നേതൃത്വത്തിലോ സമുദായ പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തിലോ തലസ്ഥാന നഗരിയില്‍ അരങ്ങേറേണ്ട അനിശ്ചിതകാല ബഹു ജന പ്രക്ഷോഭത്തെ സമുദായവും സമൂഹവും നേതാക്കന്മാരും കണ്ണടക്കാറുള്ള പാവങ്ങളുടെ കേസുകളുടെ കാര്യത്തില്‍ അധികാര വര്‍ഗത്തിന്റെ കണ്ണു തുറപ്പിക്കാന്‍ വേണ്ടി നിലകൊള്ളുന്ന കാസര്‍കോട് പട്ടണത്തിലെ ഒപ്പുമരചുവടിലേക്കു വലിച്ചിഴക്കാന്‍ മാത്രം സി എം ഉസ്താദ് എന്ന ഉത്തര മലബാറിലെ ഏറ്റവും വലിയ പണ്ഡിത കുലപതിയുടെ മഹിമയെ കാറ്റില്‍ പറത്തിയ സമുദായത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റവും വലിയ പണ്ഡിത സഭയും എന്തു ന്യായമാണ് പൊതു ജനത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത്?

കഴിഞ്ഞ അഞ്ചു വര്‍ഷം കേരള ഭരണത്തിന്റെ ചുക്കാന്‍ പിടിച്ച സമുദായ പാര്‍ട്ടിയുടെ ഭാഗത്തു നിന്നു എത്രത്തോളം ഈ കേസിനു വേണ്ടി സഹായങ്ങള്‍ കിട്ടി എന്നു ചോദിച്ചാല്‍ കുടുംബക്കാരും സമര സമിതികളും നല്‍കുന്ന ഉത്തരം വെറും വട്ട പൂജ്യം എന്നു മാത്രമായിരിക്കും എന്നിട്ടും സമുദായ പാര്‍ട്ടിക്കു വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ ഏറ്റവും മുന്നില്‍ നടക്കുന്നവരും ഇന്ന് ഒപ്പുമര ചുവട്ടിലെ ഏറ്റവും മുന്നിലെ സീറ്റില്‍ ഇരിപ്പിടം ഉറപ്പിക്കുമ്പോള്‍ നാടകം എന്നല്ലാതെ മറ്റെന്താ പൊതു ജനം ഇതിനെ വിളിക്കേണ്ടത്....

കൊലയാളി സംഘത്തെ താരാട്ടു പാടിയുറക്കി സമരപന്തലില്‍ വന്നു സാന്നിധ്യം അറിയിച്ചത് കൊണ്ടു നാട്ടുകാര്‍ക്ക് കാണാം എന്നല്ലാതെ കേസ് തെളിയുന്നതിനു ഒരു ഗുണവും അതു കൊണ്ടില്ല, കൊല നടന്നിട്ടു ആറാണ്ട് തികഞ്ഞിട്ടും പാടിയ പാട്ടല്ലാതെ മറ്റൊന്നും പാടാനും സമരസമിതിക്കോ മറ്റോ ആവുന്നുമില്ല, എന്നു മാത്രമല്ല ആ പാടിയ പാട്ടിനൊരു അന്തിമവും കാണുന്നുമില്ല.

ഉറങ്ങുന്നവരെ മാത്രമല്ലാതെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല എന്നൊരു പഴമൊഴി പറഞ്ഞത് കൊണ്ടായില്ല ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവുന്ന നിയമം ഇന്ത്യ മഹാ രാജ്യത്തുണ്ട് എന്തു കൊണ്ടു അതു നടപ്പിലാക്കുന്നില്ല.

ഊരും പേരും ഇല്ലാത്ത ഏതെങ്കിലും വഴിപോക്കന്റെ മരണം പോലും മണിക്കൂറുകള്‍ കൊണ്ടു തെളിയിക്കാന്‍ കഴിവുള്ള കേരള പൊലീസിന് സി എം ഉസ്താദ് എന്ന പണ്ഡിത കുലപതിയുടെ കൊലപാതക വിഷയത്തില്‍ എന്തു പറ്റി എന്ന ചോദ്യത്തിന് ഇന്നേവരെ ഒരൊറ്റ ആഭ്യന്തര മന്ത്രിയും മറുപടി തന്നിട്ടില്ല, പോട്ടെ ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐ അവരുടെ ഏറ്റവും വലിയ നാടകത്തിനു വേണ്ടി ഈ കേസിനെ തിരഞ്ഞെടുത്തത് നാമെല്ലാവരും നേരിട്ടു കണ്ടു കഴിഞ്ഞു, ഇന്നും കണ്ടു കൊണ്ടേ ഇരിക്കുന്നു....

അവര്‍ക്കതിനുള്ള സാഹചര്യം ഒരുക്കുന്നവര്‍ നമുക്കിടയില്‍ തന്നെ മാന്യ വേഷം ധരിച്ചു നടക്കുന്നത് നമ്മളില്‍ പലരും കണ്ടില്ലെന്നു നടിക്കുന്നത് കൊണ്ടു മാത്രമാണ് ഈ കേസ് ആറാണ്ട് തികഞ്ഞത് തന്നെ ഇനിയും ഇതു തുടരുകയാണെങ്കില്‍ ആറല്ല അറുപതാണ്ടു കഴിഞ്ഞാലും തെളിയുമെന്നു തോന്നുന്നില്ല,

ഒപ്പുമര ചുവട്ടിലെ വിജയം കണ്ട സമരങ്ങളിലെ സമര നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിജയിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇവിടെ സി എം ഉസ്താദിന്റെ സമരത്തില്‍ അതല്ല കേസ് തെളിഞ്ഞാല്‍ ചരിത്രത്തില്‍ ഇന്നേവരെ കാത്തു സൂക്ഷിച്ച സമുദായത്തിന്റെ രക്ഷകര്‍ എന്ന പദവി ഇല്ലാതായിപ്പോവുമോ എന്നു ഭയക്കുന്നവര്‍ ഒരുപാടുണ്ട്, അതു പോലെ തന്നെ ഇന്നേവരെ ആദരവോടെ കണ്ട പണ്ഡിതന്മാര്‍ കയ്യാമം വെച്ചു ജനത്തിനു മുന്നില്‍ നാണംകേട്ടു പോവുമോ എന്നു ഭയക്കുന്നവരും, നമ്മുടെ സ്വന്തം സംഘടനയുടെ മാനം തകര്‍ന്നു പോവുമോ എന്നു പേടിക്കുന്നവരും ഈ കേസ് തെളിയണമെന്നു സമരം ചെയ്യുന്നവരുടെ ഇടയില്‍ ഇന്നുമുണ്ട്.

അവര്‍ ഏറ്റവും മുന്നില്‍ നിന്നു നയിക്കുന്നവരും തെറ്റിദ്ധരിപ്പിക്കുന്നവരും ആയിരിക്കും അവരെ തിരിച്ചറിയാന്‍ പറ്റാത്തത് കൊണ്ടോ അല്ലയോ? അതൊരു ചോദ്യമായി ഇന്നും പൊതു ജനത്തിനു മുന്നില്‍ നില കൊള്ളുന്നു....
-നൂറുദ്ദീന്‍ ചെമ്പിരിക്ക




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.