Latest News

അംബാപുരം സ്വദേശിനിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ അന്വഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍

ഉദുമ[www.malabarflash.com]: മങ്ങാട് അംബാപുരം സ്വദേശിനിയെയും ഭര്‍ത്താവിനെയും നാമക്കലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ്‌നാട് പോലീസ് നിസ്സംഗത പാലിക്കുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍.

അഞ്ചംഗസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെങ്കിലും പോലീസ് തുടക്കംമുതല്‍ പലകാര്യങ്ങളും മറച്ചുപിടിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. അംബാപുരത്തെ രമണി (42), ഭര്‍ത്താവ് നാമക്കല്‍ രാശിപുരം മുത്തുക്കാരപ്പട്ടിയിലെ ഗുണശേഖരന്‍ (52) എന്നിവരാണ് മുത്തുക്കാരപ്പട്ടിയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്.

ഗുണശേഖരന്റെ കുടുംബവുമായി സ്വത്തുതര്‍ക്കം നിലനിന്നിരുന്നതായി രമണിയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് കൊലപാതകം നടന്നെങ്കിലും രാവിലെ 10.30ന് മാത്രമാണ് രമണിയുടെ ബന്ധുക്കളെ പോലീസ് ഇക്കാര്യം അറിയിച്ചത്. രമണി മാത്രമാണ് മരിച്ചതെന്നായിരുന്നു പോലീസ് അറിയിച്ചത്.
പിന്നീട് ബേക്കല്‍ എസ്.ഐ. നാമക്കല്‍ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഭര്‍ത്താവും മരിച്ചവിവിരം അറിയുന്നത്.

ഗുണശേഖരന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കര്‍ സ്ഥലത്തിലെ ഒരേക്കറിന്റെ അവകാശം സംബന്ധിച്ച് ബന്ധുക്കളുമായി തര്‍ക്കമുണ്ടായിരുന്നതായി രമണിയുടെ ബന്ധുക്കള്‍ പറയുന്നു.

വീട്ടിലെത്തുമ്പോഴെല്ലാം രമണി ഇക്കാര്യം ബന്ധുക്കളോട് പറയാറുണ്ടായിരുന്നു. കഴിഞ്ഞ ഓണത്തിന് ഗുണശേഖരനും രമണിയും അംബാപുരത്തെ വീട്ടിലെത്തിയപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നതായി സഹോദരന്‍ രവീന്ദ്രന്‍ പറയുന്നു.

നാമക്കല്‍ രാശിപുരം മുത്തുക്കാരപ്പട്ടിയിലെ വീട്ടില്‍ ഗുണശേഖരനും ഭാര്യയും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളില്ല. അഞ്ചുവര്‍ഷം മുമ്പായിരുന്നു ദല്ലാള്‍വഴി കൃഷിക്കാരനായ ഗുണശേഖരനും രമണിയും തമ്മിലുള്ള വിവാഹം.

നാമക്കല്‍ ജില്ലയിലെ രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെയാണ് കേസന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. കേസന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് രമണിയുടെ ബന്ധുക്കള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഉടന്‍ പരാതി നല്‍കുമെന്ന് സഹോദരന്‍ പറഞ്ഞു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.