Latest News

യാത്രക്കാരന്റെ പ്രസംഗം, കോഴിക്കോട് വിമാനം മുംബൈയില്‍ ഇറക്കി

മുംബൈ:[www.malabarflash.com]  പറന്നു കൊണ്ടിരുന്ന വിമാനത്തില്‍ യാത്രക്കാരന്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. സംഭവത്തില്‍ യാത്രക്കാരായ രണ്ട് പേരെ സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശികളാണെന്നാണ് സൂചന.

വിമാനം പറക്കുന്നതിനിടെ ഇയാള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇയാളോട് സീറ്റില്‍ ഇരിക്കാന്‍ കാബിന്‍ ക്രൂ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. കാബിന്‍ ക്രൂവിനോട് തട്ടിക്കയറുകയും കൈയേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തതോടെ സഹയാത്രികര്‍ ചേര്‍ന്ന് ഇയാളെ കീഴപ്പെടുത്തുകയായിരുന്നു.

വിമാനത്തിനുള്ളിലെ പ്രസംഗവും തുടര്‍ന്നുണ്ടായ കശപിശയും കാരണം മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം ഇറക്കുകയായിരുന്നു. ഇയാളേയും ഒപ്പമുണ്ടായിരുന്ന സഹോദരനേയും സിഐഎസ്എഫ് മുംബൈയില്‍ ചോദ്യംചെയ്ത് വരികയാണ്. പ്രസംഗിച്ചയാള്‍ക്ക് മാനസികവൈകല്യമുള്ളതായി സംശയിക്കുന്നുണ്ട്.

രാവിലെ 9.15 ഓടെയാണ് വിമാനം മുംബൈയില്‍ ഇറക്കിയത്. രാവിലെ 10 മണിക്ക് കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനമായിരുന്നു ഇത്. യാത്രക്കാരെ സിഐഎസ്എഫിന് കൈമാറിയ ശേഷം യാത്ര തുടര്‍ന്ന വിമാനം കോഴിക്കോടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടോയെന്ന് സംശയിക്കുന്നതായും വിമാനം കോഴിക്കോടെത്തിയ ശേഷം യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.