Latest News

പെരുന്നാളാഘോഷം സമാധാനപരമാകാന്‍ സഹകരിക്കണം

കാസര്‍കോട്:[www.malabarflash.com] പെരുന്നാളാഘോഷം സമാധാനപരമാകാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാകളക്ടര്‍ ഇ ദേവദാസനും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസും പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ബൈക്ക് റാലികള്‍ പരമാവധി ഒഴിവാക്കണം. പ്രകോപനമുണ്ടാകുന്ന വിധം പടക്കം പൊട്ടിക്കരുത്. പെരുന്നാള്‍ ആഹ്ലാദകരവും അര്‍ത്ഥപൂര്‍ണ്ണവുമാക്കാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിനും സാമൂഹിക വിരുദ്ധരെ നിയമത്തിന്റെ കൈയിലേല്‍പ്പിക്കുന്നതിനും പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗമായ അയല്‍സഭകള്‍ക്കും റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും പ്രധാന പങ്കുവഹിക്കാന്‍ സാധിക്കും. ജില്ലയിലെ പട്ടണ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും കൂടുതല്‍ അയല്‍സഭകളും റസിഡന്റ്‌സ് അസോസിയേഷനുകളും രൂപീകരിക്കണം.

പോലീസുമായി സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ സാധിക്കും. ജനവാസമേറിയ മേഖലകളില്‍ കവര്‍ച്ചയും പിടിച്ചുപറിയും വര്‍ധിക്കുന്നത് തടയാന്‍ പോലീസ് റെയ്ഡ് ശക്തമാക്കാന്‍ നടപടി സ്വീകരിക്കും. ജില്ലയില്‍ ഭൂരിപക്ഷമാളുകളും സമാധാനം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചിലര്‍ നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പേരിന് കോട്ടമുണ്ടാക്കുന്നു. ഇതിനെതിരെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ ക്രിയാത്മക ഇടപെടല്‍ ഉണ്ടാകണം.

 പ്രാദേശിക ഭരണകൂടവും പോലീസും ജില്ലാ റസിഡണ്ട്‌സ് അസോസിയേഷനുകളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകണം. ഭയരഹിതമായ സമൂഹമാണ് നാടിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെ അടിത്തറ. ഇതിനായി എല്ലാവരും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സബ് കളക്ടര്‍ മൃണ്‍മയി ജോഷി, എ ഡി എം കെ അംബുജാക്ഷന്‍, ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് പ്രസിഡണ്ട് രാധാകൃഷ്ണന്‍, സെക്രട്ടറി ജി ബി വത്സന്‍, രക്ഷാധികാരി ഇ ചന്ദ്രശേഖരന്‍ നായര്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍, തഹസില്‍ദാര്‍മാരായ എം കെ പരമേശ്വരന്‍ പോറ്റി, കെ സുജാത, ഡി വൈ എസ് പി കെ സുനില്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.