Latest News

മങ്കട സംഭവത്തിന്റെ ചെലവില്‍, 'കാമമടക്കി കഴിയുന്ന' ഗള്‍ഫ് പ്രവാസികളെയും ഭാര്യമാരെയും ഉപദേശിക്കുന്നവരോട്

പ്രവാസികളായി ഏറെനാള്‍ മാറി നില്‍ക്കാതെ കുടുംബത്തോടൊപ്പം ജീവിക്കൂ എന്ന സദുദ്ദേശമായിരിക്കാം ഈ പോസ്റ്റുകള്‍ക്ക് പിറകില്‍. പക്ഷെ അത് സ്ഥാപിക്കാന്‍ വേണ്ടി പ്രവാസികളായ പുരുഷന്മാരെയും അവരുടെ ഭാര്യമാരെയും കുറിച്ച്‌ എഴുതുന്ന വരികളുണ്ടല്ലോ.. അത് വായിച്ച്‌ ഒന്നും മിണ്ടാതെ പോകാന്‍ തോന്നാത്തതുകൊണ്ട് രണ്ടു വാക്ക്.[www.malabarflash.com]

ഈ ഇക്കിളി വരികള്‍ ആസ്വദിക്കുന്നവരുണ്ടാകും, പക്ഷെ നിങ്ങള്‍ അടച്ചാക്ഷേപിക്കുന്നത് അന്തസ്സായി ജീവിക്കുന്ന ഒരുപാട് പതിവ്രതകളെയാണ്. കെട്ടിയവന്‍ അടുത്തില്ലായെങ്കില്‍ കാമമിളകി കണ്ടവന്റെ കൂടെയാണ് ഗള്‍ഫുകാരന്റെ ഭാര്യ എന്ന് അമര്‍ത്തിച്ചിരിക്കുന്ന, അങ്ങാടിയില്‍ തിണ്ണ നിരങ്ങിയും വായില്‍ നോക്കിയും ജീവിതം തീര്‍ക്കുന്നവരുടെ അതേ വാചകം ഗള്‍ഫ് പ്രവാസികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരുടെയും വാളില്‍ കാണുമ്ബോള്‍ ഒട്ടും ഭൂഷണമായി തോന്നുന്നില്ല.

ഒന്ന് ചോദിച്ചോട്ടെ കെട്ടിയവന്‍ അടുത്തുണ്ടായിട്ടും ഇത്തരം സുഖങ്ങള്‍ക്ക് പിറകെ പോകുന്ന സ്ത്രീകള്‍ വേറെ എമ്ബാടും ഇല്ലേ നാട്ടില്‍. ഭര്‍ത്താവ് അടുത്തില്ലാത്ത ഗള്‍ഫുകാരുടെ ഭാര്യമാരല്ല fb അടക്കം സോഷ്യല്‍ മീഡിയയില്‍ ഏറെ എന്ന് ഇവിടെ തന്നെ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ഇവരെല്ലാം മോശക്കാര്‍ എന്നല്ല പറഞ്ഞു വരുന്നത്. സൈബര്‍ ഒളിസേവയുടെ ഈ ആഘോഷകാലത്ത് അപഥസഞ്ചാരത്തിന് സൗകര്യപ്രദമായ ഇടമായി ഫേസ്ബുക്കും ദുരുപയോഗപ്പെടുത്തുന്നതില്‍ ഗള്‍ഫുകാരുടെ ഭാര്യമാരല്ല കൂടുതല്‍ എന്നത് ഒരു യാഥാര്‍ഥ്യം മാത്രമല്ലേ. സ്വന്തം കുഞ്ഞിനേയും ഭര്‍ത്താവിനെയും കൊല്ലാന്‍ കാമുകനെ ചട്ടം കെട്ടിയത് ഭര്‍ത്താവ് കൂടെയുള്ള അഭ്യസ്തവിദ്യയായ IT ഉദ്യോഗസ്ഥ ആയിരുന്നുവെന്നും ഏതെങ്കിലും ഗള്‍ഫുകാരന്റെ കെട്ടിയവള്‍ ആയിരുന്നില്ല എന്നതും സൗകര്യപൂര്‍വ്വം അങ്ങ് മറക്കാം അല്ലെ?

നാട്ടിലെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്നതും അതിലേറെ പിടിക്കപ്പെടാത്തതും ഗള്‍ഫുകാരുടെ ഭാര്യമാര്‍ അല്ല എന്നത് കൂടി ഓര്‍ത്താല്‍ നന്ന്.മറുനാട്ടില്‍ ഒറ്റക്ക് കഴിയുന്നവരൊക്കെ കാണുന്ന പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കിയും നീലച്ചിത്രങ്ങള്‍ കണ്ടും കാമചിന്തയാല്‍ ഉഴറി കഴിയുകയാണ് എന്ന് ഊഹിച്ചങ് എഴുതിയുണ്ടാക്കുന്നവരോട് ഒരു ചോദ്യം. ഇങ്ങനെ കാമം അടക്കാന്‍ കഴിയാതെ ഏതെങ്കിലും പെണ്ണിനെ കയറിപ്പിടിച്ചെന്നോ പീഡിപ്പിച്ചെന്നോ എത്ര പ്രവാസികളെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ട്?

നാട്ടില്‍ ബസ്സിലായാലും നടുറോട്ടിലായാലും ഒരു നൂലിന്റെ മറ കിട്ടിയാല്‍ പെണ്ണിനെ തോണ്ടുകയും പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ഭാര്യ അടുത്തില്ലാത്ത ഗള്‍ഫുകാരനാണോ? ബാസ്റ്റാന്റിന്റെ പിറകിലെ ഇരുട്ടില്‍ മുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ വരെ നടക്കുന്ന മാംസക്കച്ചോടത്തിലെ ഉപഭോക്താവ് കെട്ടിയവള്‍ അടുത്തില്ലാതെ കാമം മൂത്തു നടക്കുന്ന ഗള്‍ഫുകാരനാണോ? കുളക്കടവിലും തുണിക്കടയിലും കിടപ്പറയിലുമടക്കം ഒളിക്യാമറ വച്ച്‌ പിടിച്ചും മൊബൈല്‍ വഴി വിതരണം ചെയ്തും പെണ്ണിന്റെ നഗ്നത ആസ്വദിക്കുന്നത് കുടുംബം പോറ്റാന്‍ വേണ്ടി കടല്‍ കടന്നുപോയി ഒറ്റത്തടിയായി കഴിയുന്നവനല്ല. കെട്ടിയവളും കാമുകിയും പോരാത്തതിന് വെപ്പാട്ടിയും ഉണ്ടായിട്ടും മതിയാവാത്ത, നാട്ടില്‍ ജീവിക്കുന്നവര്‍ തന്നെയാണ് സര്‍.

വാരിക്കൂട്ടാനുള്ള ആര്‍ത്തി മൂത്താണ് ഗള്‍ഫില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നതെന്ന് പരിഹസിക്കുന്നവരേ, കണ്ണ് തുറന്നൊന്നു അന്വേഷിച്ചു നോക്കൂ ഭൂരിപക്ഷം വരുന്ന ഗള്‍ഫ് പ്രവാസികളുടെ ശരാശരി വരുമാനം എത്രയാണെന്ന്. നാട്ടില്‍ 7000 കിട്ടിയവന് ഒറ്റയടിക്ക് 18000 ആയ വാര്‍ത്ത കണ്ട് അന്തം വിടാനെ ഞങ്ങള്‍ക്ക് കഴിയൂ. പിന്നെ 'ഈരെടുത്താല്‍ പേന്‍ കൂലി ചോദിക്കുന്ന', ഗള്‍ഫുകാരനെ എങ്ങനെയൊക്കെ പിഴിയാം എന്നതില്‍ ഗവേഷണം നടത്തുന്ന ഒരു നാട്ടിലേക്ക് ആരാണ് എല്ലാം ഇട്ടെറിഞ്ഞു ഓടിപ്പോരുക. ദാമ്ബത്യം എന്നാല്‍ കാമശമനത്തിനുള്ള ഒരു ഏര്‍പ്പാട് മാത്രമാണ് എന്ന ധാരണയാണ് പലര്‍ക്കും ഗള്‍ഫുകാരുടെയും അവരുടെ ഭാര്യമാരുടെയും കാര്യത്തില്‍ ഇത്ര ഉത്കണ്ഠയുണ്ടാകാന്‍ കാരണം. ആ കുടുസ്സായ ചിന്തയുള്ളവര്‍ക്ക് ഇണകള്‍ എപ്പോഴും 'പൂശാന്‍ മുട്ടി നടക്കുന്ന' രണ്ട് ശരീരങ്ങള്‍ മാത്രമാണ്.

ആണിന് ഗള്‍ഫില്‍ വച്ചും പെണ്ണിന് നാട്ടിലും തെറ്റ് ചെയ്യാന്‍ എമ്ബാടും അവസരവും പ്രലോഭനങ്ങളും ഉണ്ടായിട്ടും അതിലേക്കൊന്നും മാറിപ്പോകാതെ ഇണയോടുള്ള സ്നേഹവും വിശ്വാസ്യതയും കളങ്കപ്പെടുത്താതെ ജീവിക്കുന്നവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ മനസ്സിലാവണം എന്നില്ല. ദാമ്ബത്യത്തില്‍ ശരീരം മാത്രമല്ല രണ്ടു മനസ്സുകളുടെ സ്നേഹവും കരുതലും പ്രണയവും ഒക്കെയുണ്ട് സാര്‍. അതിനു മുമ്ബില്‍ കുറച്ചു കാലം കാമം അടക്കിപ്പിടിച്ചു നില്‍ക്കുക എന്നത് നിസ്സാരമാണ്. കാമത്തേക്കാള്‍ ഇരു കൂട്ടരുടെയും മനസ്സില്‍ അകന്നു നില്‍ക്കുമ്ബോള്‍ അധികരിക്കുന്ന സ്നേഹവും ഇഷ്ടവും ആണ്. ഓര്‍മ്മകളാണ്. മനുഷ്യന്‍ മൃഗത്തില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവിടെയാണല്ലോ.

ഭര്‍ത്താവിന്റെ അഭാവത്തില്‍ വീട് കുടുംബം മക്കള്‍ എന്നിങ്ങനെ എമ്ബാടും ഉത്തരവാദിത്തങ്ങളുമായി കഴിയുന്നൊരു പെണ്ണിനും കണ്ണെത്താദൂരത്ത് തന്റെ കുടുംബത്തിനായി മരുഭൂമിയില്‍ കഷ്ടപ്പെടുന്നവനും കാമം മാത്രമല്ല ചിന്ത. ഒളിച്ചോടുന്ന ഗള്‍ഫുകാരുടെ ഭാര്യമാരെ കുറിച്ച്‌ മാത്രം ചര്‍ച്ച ചെയ്യാനെ സമൂഹത്തിനു താല്പര്യം ഉള്ളൂ. ഗള്‍ഫുകാരന്റെ ഭാര്യയുടെ ഓരോ ചലനവും നിരീക്ഷിക്കാന്‍ ക്യാമറ കണ്ണുമായി ഇരിക്കുന്ന ഒരു വിഭാഗം, ചിലതൊക്കെ കൊതിക്കെറുവ് കൊണ്ട് കെട്ടിയുണ്ടാക്കുന്ന കഥകള്‍. ഇതൊക്കെ വച്ച്‌ പൈങ്കിളികഥകള്‍ പടച്ച്‌ രസിക്കാന്‍ വല്ലാത്ത ഹരമാണ് പലര്‍ക്കും. എല്ലാ ഗള്‍ഫുകാരും പ്രവാസിഭാര്യമാരും സല്‍ഗുണ സമ്ബന്നര്‍ ആണ് എന്ന് പറയുന്നില്ല. പക്ഷെ ആരോപിക്കും മുമ്ബ് ചുറ്റുപാടും ഒന്ന് നോക്കുക. ചെറിയൊരു ശതമാനം ചെയ്യുന്ന തെറ്റിന് ഒരു വിഭാഗത്തെ മൊത്തം അടച്ചാക്ഷേപിക്കരുത്.

അഗമ്യഗമനത്തിന്റെ നാറിയ കഥകള്‍ നാട്ടില്‍ എമ്ബാടും ഉണ്ടാകും. അപൂര്‍വ്വമായി അതില്‍ വല്ല ഗള്‍ഫുകാരന്റെ ഭാര്യയും പെട്ട് പോകുമ്ബോഴേക്കും എല്ലാരും കൂടെ ദയവുചെയ്ത് ഗള്ഫുകാരെയും അവരുടെ കെട്ട്യോള്‍ മാരെയും ഉപദേശിച്ചു നന്നാക്കാന്‍ വരല്ലേ. ആവശ്യത്തില്‍ കൂടുതല്‍ കുറ്റപ്പെടുത്താലും പഴി കേള്‍ക്കലും കേട്ട് മടുത്തു പോയ ഒരു വിഭാഗമാണ്. പ്രതികരിക്കാതിരിക്കുന്നത് അറിയാഞ്ഞിട്ടല്ല. ഇതുകൊണ്ടൊന്നും ആരുടേയും ധാരണകളെ തിരുത്താന്‍ കഴിയില്ല എന്ന് കാലങ്ങള്‍ കൊണ്ട് ബോധ്യം വന്നതിനാലാണ്.

പരിശുദ്ധ മാസത്തില്‍ ഇത്തരം വിഷയങ്ങള്‍ എഴുതാന്‍ താല്പര്യം ഉണ്ടായിട്ടല്ല. പക്ഷെ നിരന്തരമായ ഈ മെക്കിട്ട്കേറല്‍ കാണുമ്ബോള്‍ ഒരു ഗള്‍ഫുകാരന്‍ എന്ന നിലയില്‍ മാത്രമല്ല ഇതൊക്കെ വായിച്ചു പകച്ചു പോകുന്ന ബഹുഭൂരിപക്ഷം പ്രവാസികള്‍ക്ക് വേണ്ടിയും ഇത്രയെങ്കിലും പറഞ്ഞേ പറ്റൂ. ക്ഷമിക്കുക.
-നജീബ് മൂടാടി




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.