Latest News

"നാളെ പെരുന്നാളാണു മാസം കണ്ടു"

"നാളെ പെരുന്നാളാണു മാസം കണ്ടു"
എന്നു കേട്ടാൽ ഉസ്താദ്‌ പള്ളി മിനാരത്തിലൂടെ ഉറക്കെ തക്ബീർ മുഴക്കുമ്പോ നിങ്ങളാ സമയം അങ്ങോട്ട്‌ ചെന്ന് പോയി നോക്കിയിട്ടുണ്ടോ..?
ജീവിതത്തിൽ ഒറ്റതവണ എനിക്കതിനു അവസരം വന്നിട്ടുണ്ട്‌..
അതും പ്രവാസി ആവുന്നതിന്റെ തോട്ടു മുന്നത്തെ പെരുന്നാളിൽ .[www.malabarflash.com]


പോത്തിറച്ചി കടയിലെ വൻ ജനാവലിയിൽ ഊഴവും കാത്ത്‌ നിൽക്കാറുള്ള നമ്മൾ അന്നത്തെ ഇഷാ നമസ്കാരം ചിലപ്പോ ഏറെ വൈകിയിട്ടാകും ല്ലേ ഉണ്ടാവുക..

"ബിരിയാണിക്കുള്ള സാധനൊക്കെ വാങ്ങി വാ"
എന്ന് ഉമ്മാന്റെ വാക്ക്‌ കേട്ട്‌ പോയി നോക്കുമ്പോ പലചരക്ക്‌ കടയിലും മുടിഞ്ഞ തിരക്കാകും..അല്ലെങ്കിൽ ബൈക്കെടുത്ത്‌ ചങ്ങായിമാരേയും കൂട്ടി ഷോപ്പിംഗ്‌ മാളിലേക്കൊരു പോക്ക്‌..

സ്ഥിരമായി കോഴിക്കോട്‌ ബീച്ചിനെ പെരുന്നാൾ രാവിൽ പൊലിപ്പിച്ച എനിക്കൊരു പെരുന്നാൾ രാവിൽ നന്നായി തലവേദനിച്ചിരുന്നു..
"ഇയ്യ്‌ പൊയ്ക്കോ ഞാനിപ്പോ വരാന്നും പറഞ്ഞ്‌ ഒരു പാരസെറ്റ മോളും കഴിച്ച്‌ പുറത്തേക്കിറങ്ങി..അന്ന്..
കവലയിലേക്കിറങ്ങിയപ്പോ പെരുന്നാൾ രാവിന്റെ ഒച്ചപ്പാടിന്റേയും തിരക്കിന്റേയും ഇടയിലൂടെ പള്ളിമിനാരത്തിലെ തക്ബീർ..

പണ്ട്‌ കൽ പണിക്ക്‌ പോയപ്പോ മേസ്തിരി ആയിരുന്ന സലീംകയെ കണ്ടു..
"വാടാ നിസ്കരിച്ചിട്ട്‌ പോവാ " എന്ന് പറഞ്ഞ്‌ കൈ പിടിച്ച്‌ കൊണ്ടുപോയപ്പോ മറുത്തൊന്നും പറഞ്ഞില്ല..
പള്ളിയിൽ ഉസ്താദും കുറച്ച്‌ വയസ്സന്മാരും മാത്രം..
അയ്യായിരം വീടുകളിലുള്ള മഹല്ലായിട്ടും പെരുന്നാൾ രാവിലെ ആളുകളുടെ എണ്ണം കണ്ടപ്പോൾ അൽഭുദം തോന്നി..
വുളു എടുത്ത്‌ സുന്നത്ത്‌ നമസ്കരിച്ച ശേഷം ചുറ്റുമൊന്നു നോക്കി..
നാട്ടിലെ വയസ്സായ ഉപ്പമാർ ഓരോ മൂലയിൽ ഇരിക്കുന്നു..
നല്ല നിശബ്ദത..
പുറത്ത്‌ നല്ല തിരക്കിന്റെ അലർച്ചയും..

സൂക്ഷിചു നോക്കിയപ്പോൽ അവരൊക്കെ കരയുകയാണെന്ന് മനസ്സിലായി,
അത്‌ കണ്ടപ്പോൽ എനിക്കെന്തോ വല്ലാതെയായി..
എന്താ കാര്യമെന്ന് അറിയാതെ നിൽക്കുമ്പോൾ ആയിരുന്നു സലീംകയുടെ അടുത്ത്‌ വന്നുള്ള ഇരുത്തം..
"എന്താ നോക്കുന്നേ നീ"
"അവരെന്തിനാ കരയുന്നത്‌ " എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ എന്റെ കണ്ണുകൾ അങ്ങോട്ട്‌ പോയപ്പോൾ മൂപ്പർക്ക്‌ കാര്യം മനസ്സിലായി..


"റമദാൻ പോയതിലുള്ള സങ്കടമാ ഷാഹിറേ അവർക്കൊക്കെ "
അത്‌ കേട്ട്‌ കഴിഞ്ഞപ്പോഴേക്കും ചങ്ക്‌ പിടയ്ക്കാൻ തുടങ്ങി..

ഞാൻ എപ്പോളെങ്കിലും ഇങ്ങനെയൊക്കെ ഓർത്തിരുന്നോ റബ്ബേ?
ആരാ എന്നെ ഈ കാഴ്ച കാണിച്ചു തന്നത്‌,
ഞാൻ അള്ളാഹുവിന് സ്ഥുതി നൽകി..
തലേന്ന് വരെ നിറഞ്ഞ്‌ കവിഞ്ഞ പള്ളി അന്നത്തെ ഇഷാ നമസ്കാരം വെറും ഒന്നര സഫിൽ പൂർത്തിയായി..

നാടു മുഴുവനും ഓട്ടത്തിൽ..
പെരുന്നാളിന്റെ മണത്തിനു പൊലിമ കൂട്ടാൻ എല്ലാവരും ഈ ഞാനടക്കം തിരക്കിലാ, പക്ഷെ ആ സമയത്തൊന്ന് നമ്മുടെ മഹല്ലിലെ പള്ളികകങ്ങളിൽ കയറി നോക്കൂ..
നിങ്ങൾക്കന്ന് കാണാം ജീവിതത്തിലെ ഏറ്റവും നിമിഷങ്ങളിനൊന്നിനെ..
വിട പറഞ്ഞ റമദാനിനെ നോക്കി...

ഇനി ഒരു റമദാൻ കൂടി എനിക്‌ അനുഭവിക്കാൻ ആയുസ്സുണ്ടാകുമോ നാഥാ എന്നോർത്ത്‌ കൊണ്ട്‌ കണ്ണുകൾ നിറച്ച്‌ ഹൃദയം വിങ്ങി തേങ്ങുന്ന ഒരുപറ്റം മനുഷ്യരെ അവിടെ കാണാം നമുക്ക്‌..

ഇപ്പോഴും എന്നോട്‌ തന്നെ എന്റെ മനസ്സ്‌ പറയാറുണ്ട്‌ ഇങ്ങനെ:
"അവരാണെടോ നമ്മുടെയൊക്കെ നാടിന്റെ പുണ്യം..എന്ന്..






No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.