Latest News

മെഡിക്കല്‍ കോളജിലെ കുത്തിവയ്പിനെത്തുടര്‍ന്ന് അവശയായ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

കളമശേരി:[www.malabarflash.com] എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുത്തിവയ്പിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. മെഡിക്കല്‍ കോളജിലെ തന്നെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ശിവപുരം പടുപാറ അയിഷ മന്‍സിലില്‍ കെ.എ.അബൂട്ടിയുടെ മകളുമായ ഷംന (19) യാണ് മരിച്ചത്.

അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജില്‍ നിന്നു വിദഗ്ധ ചികില്‍സയ്ക്കായി മാറ്റിയ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. രണ്ടു ദിവസമായി പനി ബാധിച്ചു മരുന്നു കഴിച്ചു ഹോസ്റ്റലില്‍ വിശ്രമിച്ച ഷംനയെ പനി കൂടിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 1.40ന് ആന്റിബയോട്ടിക് മരുന്ന് കുത്തിവച്ചതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി.

ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി വിദഗ്ധ ചികില്‍സ നല്‍കി. വെന്റിലേറ്ററിന്റെ സഹായവും ലഭ്യമാക്കി. ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ വന്നതിനെത്തുടര്‍ന്നാണ് വൈകിട്ട് ആറോടെ ഷംനയെ രാജഗിരി ആശുപത്രിയിലേക്കു മാറ്റിയത്.

മരണ കാരണം പനി മൂര്‍ഛിച്ചതു മൂലമാണോ കുത്തിവയ്പിന്റെ ഫലമാണോ എന്നു വ്യക്തമല്ലെന്നു മെഡിസിന്‍ വകുപ്പ് മേധാവി ഡോ. ജില്‍സ് ജോര്‍ജ് പറഞ്ഞു. ഷരീഫയാണ് ഷംനയുടെ മാതാവ്. സഹോദരങ്ങള്‍: ഷിബിലി, ഷിഫാന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.