തൃശൂർ [www.malabarflash.com]: അബോധാവസ്ഥയിലുള്ള അച്ഛന്റെ കൈവിരൽ പതിപ്പിച്ചു പെൺമക്കൾക്കുള്ള നിക്ഷേപം മകൻ തട്ടിയെടുത്ത പരാതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. രണ്ടു വർഷമായി മണ്ണുത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. അഴിമതി ആരോപണങ്ങൾ ഉയർന്ന വെള്ളാനിക്കര സഹകരണ ബാങ്കിന്റെ സഹായത്തോടെ ഇതു ചെയ്തുവെന്നായിരുന്നു പരാതി.
മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കര ആത്ര പറമ്പിൽ അച്യുതൻ വെള്ളാനിക്കര സഹകരണ ബാങ്കിൽ 3.79 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഭാര്യയെയും മൂന്നു പെൺമക്കളെയുമാണ് നോമിനികളായി കാണിച്ചിരുന്നത്. എന്നാൽ അച്ഛൻ അബോധാവസ്ഥയിൽ ആശുപത്രിലായിരിക്കെ മകൻ വിരൽപ്പാടു പതിപ്പിച്ചു നിക്ഷേപം പിൻവലിച്ചു.
മാസങ്ങൾക്കു ശേഷം വിൽപത്രം കിട്ടിയപ്പോഴാണു വിരമറിയുന്നതെന്നു പെൺമക്കൾ പരാതിയിൽ പറഞ്ഞിരുന്നു. ബാങ്കിലെത്തിയപ്പോൾ നിക്ഷേപം പിൻവലിച്ചുവെന്നു വ്യക്തമാക്കി. എന്നാൽ നോമിനിയല്ലാത്ത ആൾക്കു എങ്ങിനെ നിക്ഷേപം തിരിച്ചു നൽകിയെന്നു ബാങ്കിനു വിശദീകരിക്കാനായില്ല.
വിരൽ സ്വയം പതിച്ചതല്ല ആരോ ബലം പിടിച്ചു പതിപ്പിച്ചതാണെന്നു വിദഗ്ധ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ബാങ്ക് ഇതുവരെ നിക്ഷേപം തിരിച്ചു നൽകിയിട്ടില്ല. അന്വേഷണം വൈകിയതോടെ മക്കൾ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണു കുറ്റപത്രം സമർപ്പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment