Latest News

മഞ്ചേരിയിൽ മൃതദേഹവുമായി മൂന്നര മണിക്കൂറോളം നാട്ടുകാര്‍ പാത ഉപരോധിച്ചു


മലപ്പുറം [www.malabarflash.com]: ശ്മശാന ഭൂമിയിലേക്ക് വഴിയില്ലാത്തതിന്റെ പേരിൽ മലപ്പുറം മഞ്ചേരിയിൽ മൃതദേഹവുമായി മൂന്നര മണിക്കൂറോളം നാട്ടുകാര്‍ പാത ഉപരോധിച്ചു. മൂന്നു മാസത്തിനകം വഴി നിർമിക്കാമെന്ന സബ് കലക്ടറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
മുളളമ്പാറ കോലാർക്കുന്ന് കോളനിക്കാരുടെ ശ്മശാനത്തിലേക്ക് കയറാന്‍ രേഖാമൂലം മൂന്നടി വീതിയില്‍ വഴിയുണ്ട്. ചവിട്ടു വഴിയുടെ ഇരു വശങ്ങളിലുമുളള ഭൂവുടമകൾ 45 അടിയോളം ആഴത്തിൽ മണ്ണെടുത്തതോടെയാണ് ശ്മശാനത്തിലേക്ക് നടന്നു പോവാനാവാത്ത സ്ഥിതിയുണ്ടായത്. മൃതദേഹം സംസ്കരിക്കാൻ മാർഗമില്ലാത്തതുകൊണ്ടാണ് ഇന്നലെ മരിച്ച കോളനിയിലെ നാടിച്ചിയുടെ മൃതദേഹവുമായി താലൂക്ക് ഒാഫീസിലേക്ക് മാർച്ച് നടത്തിയത്. ജില്ലാ കോടതിക്ക് മുൻപിൽ മൂന്നര മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.
പെരിന്തൽമണ്ണ സബ് കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മൂന്നു മാസത്തിനകം ഭൂമി ഏറ്റെടുത്ത് വഴിയൊരുക്കാമെന്ന ഉറപ്പ് ലഭിച്ചു. ആവശ്യമായ ഫണ്ട് നഗരസഭ ചെലവഴിക്കും. നിർമാണം വേഗത്തിലാക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. മണിക്കൂറുകൾക്ക് ശേഷം നാട്ടുകാരുടെ കൂടി സഹകരണത്തോടെ ശ്മശാനത്തിലെത്തിച്ച് നാടിച്ചിയുടെ മൃതദേഹം സംസ്കരിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.