Latest News

മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ശബരിപാതയ്ക്ക് പുതുജീവന്‍

പത്തനംതിട്ട:[www.malabarflash.com] മലയോരപ്രദേശങ്ങളുടെ വികസനത്തിന് ഏറെ പ്രയോജനകരമായ ശബരി റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുവാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കണമെന്നും ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പദ്ധതിക്കായി 200 കോടി രൂപ നീക്കി വയ്ക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനും റയില്‍വേ മന്ത്രി ജി. സുധാകരനും ധനകാര്യ മന്ത്രി തോമസ് ഐസക്കുമായും ചര്‍ച്ച നടത്തി.

ശബരി റെയില്‍ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആവശ്യമായ തുക ബഡ്ജറ്റില്‍ വകയിരുത്തുമെന്നും മുഖ്യമന്ത്രിയും ധന ,റയില്‍വേ മന്ത്രിമാരും അറിയിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

1996 ലാണ് കേന്ദ്ര സര്‍ക്കാരും റയില്‍വേ ബോര്‍ഡും ശബരിറെയില്‍വേയ്ക്ക് അംഗീകാരം നല്കിയത്. കഴിഞ്ഞ 18 വര്‍ഷമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഒന്നുകില്‍ പദ്ധതി നടപ്പിലാക്കണം അല്ലെങ്കില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഡ്വ : ജോയ്‌സ് ജോര്‍ജ്ജ് എം.പി ക്യാപ്റ്റനായി കരിങ്കുന്നം മുതല്‍ കാലടി വരെ ശബരി റെയില്‍ സമര സന്ദേശയാത്ര സംഘടിപ്പിച്ചിരുന്നു.

അങ്കമാലി മുതല്‍ കാലടി വരെയുള്ള ഒന്നാം റീച്ചിന്റേയും കാലടി റെയില്‍വേ സ്റ്റേഷന്റേയും പെരിയാറിനു കുറുകെയുള്ള പാലത്തിന്റേയും 80 % നിര്‍മ്മാണം മാത്രമാണ് നടന്നിട്ടുള്ളത്. എറണാകുളം ജില്ലയിലെ തുടര്‍ന്നുള്ള ഭാഗത്തെയും ഇടുക്കി ജില്ലയിലെയും അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അലൈന്‍മെന്റിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശത്തിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം ലഭിക്കുവാനുണ്ട്.

2010 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയടങ്കല്‍ 1214 കോടി രൂപയാണ്. ഈ തുക കേന്ദ്രസര്‍ക്കാര്‍ മാത്രമായി ചിലവഴിക്കാന്‍ കഴിയില്ലെന്ന നിലപാട് റെയില്‍വേ മന്ത്രാലയം സ്വീകരിക്കുകയും ആകെ ചിലിവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ 2011 ല്‍ സ്വീകരിച്ചതോടെയാണ് പാത നിര്‍മ്മാണം സ്തംഭനത്തിലേക്ക് നീങ്ങിയത്.

2008 ല്‍ നിര്‍മ്മാണം അരംഭിച്ച പദ്ധതിയെന്ന നിലയില്‍ ശബരിപ്പാതയ്ക്ക് ഈ വ്യവസ്ഥയില്‍ നിന്ന് ഇളവ് അനുവദിയ്ക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാതെ വന്നതിനെ തുടര്‍ന്നുള്ള തര്‍ക്കം 2015 വരെ നീണ്ടു പോയത് പദ്ധതി പ്രദേശത്തെ ആയിരക്കണക്കിനുള്ള കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നു. കല്ലിട്ടുപോയ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ ഭൂമി ക്രയവിക്രയം നടത്തുവാനോ പണയപ്പെടുത്തി വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ എടുക്കുവാനോ വീടുകള്‍ പുതുക്കി പണിയുവാനോ കഴിയാത്ത സ്ഥിതിയായി.

ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ ആക്ഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സമരങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി ചിലവിന്റെ 50% വഹിക്കുവാനുള്ള സന്നദ്ധത അറിയിക്കുകയും 2016 ജനുവരിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണപത്രം ഒപ്പിടുകയും ചെയ്തുവെങ്കിലും സംസ്ഥാനം സ്വീകരിക്കേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ പുതിയ എല്‍.ഡി.എഫ് സര്‍ക്കാരിനു മുന്നില്‍ നിവേദനവുമായി എത്തിയത്. ധാരണാപത്രം അനുസരിച്ചുള്ള ജോയിന്റ് വെഞ്ചര്‍ കമ്പനി (ജെവിസി) രൂപീകരിക്കുന്നതിനുള്ള പ്രാരംഭ മൂലധനമായി 100 കോടി രൂപയും ജെ.വി.സി യുടെ കീഴില്‍ ശബരിപ്പാതയ്ക്ക് മാത്രമായി രൂപം നല്‍കുന്ന സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) ആയി 200 കോടി രൂപയും സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ തന്നെ വകയിരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് നിവേദകസംഘവുമായി നടന്ന ചര്‍ച്ചയില്‍ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക് നല്‍കിയിട്ടുള്ളത്.

അഡ്വ:ജോയ്‌സ് ജോര്‍ജ്ജ് എം.പി, എം.എല്‍.എ മാരായ രാജു ഏബ്രഹാം, എല്‍ദോ ഏബ്രഹാം, ആന്റണി ജോണ്‍ എന്നിവരും മുന്‍ എം.പി. കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ്, മുന്‍ എം.എല്‍.എ മാരായ ഗോപി കോട്ടമുറിക്കല്‍, ജോണി നെല്ലൂര്‍, ബാബു പോള്‍ വിവിധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ അഡ്വ:പി.എം. ഇസ്മായില്‍, എ.മുഹമ്മദ് ബഷീര്‍, ഡിജോകാപ്പന്‍, അഡ്വ:സി.കെ.വിദ്യാസാഗര്‍, ആര്‍.മനോജ് പാല, അജി ബി.റാന്നി, അഡ്വ: ഇ.എ.റഹീം, ജിജോ പനച്ചിനാനി, അനീഷ് കരിങ്കുന്നം, ഗോപാലന്‍ വെണ്ടുവഴി എന്നിവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.