ഉദുമ [www.malabarflash.com]: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ നേടിയ ആശ്വാസ ജയത്തോടെ യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയെങ്കിലും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വോട്ട് കുറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി.
കഴിഞ്ഞ തവണത്തെക്കാള്‍ 3700ഓളം വോട്ടുകളാണ് യു.ഡി.എഫിന് കുറഞ്ഞത്. ബി.ജെ.പിക്ക് 2000ത്തിലധികം വോട്ടുകളും കുറഞ്ഞു. അതേ സമയം വിജയിക്കാനായില്ലെങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ 1048 വോട്ടുകള്‍ കൂടുതല്‍ നേടാന്‍ കഴിഞ്ഞ ആശ്വാസം എല്‍.ഡി.എഫ്-ഐ.എന്‍.എല്‍ കേന്ദ്രങ്ങള്‍ക്കുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമു ഹാജി നേടിയത് 18,408 വോട്ടുകളായിരുന്നുവെങ്കില്‍ മകന്‍ ഷാനവാസ് പാദൂരിന്റെ പെട്ടിയില്‍ വീണത് 14,986 വോട്ടുകളാണ്. പോളിംഗ് ശതമാനം കുറഞ്ഞത് കൊണ്ടാണ് വോട്ടുകളുടെ എണ്ണം കുറഞ്ഞതെന്നും യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഇപ്പോഴും സുശക്തമാണെന്നുമാണ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച എല്‍.ഡി.എഫ്-ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി എം.എ ലത്തീഫ് 12,052 വോട്ടാണ് നേടിയതെങ്കില്‍ ഇത്തവണ മൊയ്തീന്‍ കുഞ്ഞി കളനാടിലൂടെ അത് 13,100 ആക്കി ഉയര്‍ത്താന്‍ എല്‍.ഡി.എഫ്-ഐ.എന്‍.എല്‍ കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്.
ബി.ജെ.പിയുടെ വോട്ടുകള്‍ ചോര്‍ന്നതും വലിയ ചര്‍ച്ചയായി. കഴിഞ്ഞ തവണ 6131 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണയത് 4107 ആയി കുറഞ്ഞു. അന്നും ഇത്തവണയും ബി.ജെ.പിയുടെ മണ്ഡലം പ്രസിഡണ്ട് എന്‍. ബാബുരാജ് തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി.
കണക്കുകള്‍ കൂട്ടി വോട്ട് ചോര്‍ച്ചയുടെ കാരണം തിരയുകയാണ് യു.ഡി.എഫും ബി.ജെ.പിയും ഇപ്പോള്‍. കഴിഞ്ഞ ഉദുമ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എല്ലാ വാര്‍ഡുകളിലും കൂടി 145 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ആ ലീഡ് മറികടന്ന് 2148 വോട്ടുകള്‍ അധികം നേടി. എന്നാല്‍ ചെമ്മനാട് പഞ്ചായത്തിലും പള്ളിക്കരയിലും യു.ഡി.എഫിന് തന്നെയാണ് മുന്‍തൂക്കം. ഈ ഭൂരിപക്ഷം കൊണ്ടാണ് ഷാനവാസിന് വിജയം ഉറപ്പിക്കാനായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment