Latest News

കാംപസ് ഫ്രണ്ട് പ്രകടനം പോലീസ് തടഞ്ഞു: നേതാക്കളടക്കം എട്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍:[www.malabarflash.com] പോലീസിന്റെ അനുമതിയില്ലാതെ കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്താനുള്ള തീരുമാനം സംഘര്‍ഷത്തിനിടയാക്കി.

കണ്ണൂര്‍ ബസ്സ്റ്റാന്റില്‍ നിന്നായിരുന്നു പ്രകടനം നടത്താന്‍ തീരുമാനിച്ചത്. പോലീസ് തടയുമെന്ന് അറിയിച്ചതോടെ എന്ത് വില കൊടുത്തും പ്രകടനം നടത്തുമെന്ന് തീരുമാനിച്ചതാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥക്കിടയാക്കിയത്.

പഴയ ബസ്സ്റ്റാന്റ് പരിസരത്ത് പ്രകടനം നടത്തുന്നവരെ തടയാനും അവരെ കസ്റ്റഡിയിലെടുക്കാനും വന്‍ പോലീസ് സംഘം തന്നെ ബസ്സ്റ്റാന്റ് പരിസരത്ത് നിലയുറപ്പിച്ചു. എന്നാല്‍ 11.45ഓടെ സമരം കാല്‍ടെക്‌സിലേക്ക് മാറ്റിയതായി സൂചന ലഭിച്ചതോടെ പോലീസ് അങ്ങോട്ട് തിരിച്ചു.


ഫാസിസത്തിന്റെ വിലങ്ങുകള്‍ക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ചൂളം വിളിയെന്ന മുദ്രാവാക്യവുമായി ആസാദ് എക്‌സ്പ്രസ് കലാജാഥ കാല്‍ടെക്‌സിനടുത്ത് വെച്ചാണ് പോലീസ് തടഞ്ഞത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച മുതലാണ് ജാഥ തുടങ്ങിയത്. ജാഥക്ക് നേരത്തെ പോലീസ് അനുമതി നിഷേധിച്ചിരുന്നു.

നേതാക്കളെ കസ്റ്റഡിയിലെടുത്തതോടെ പ്രവര്‍ത്തകര്‍ ക്ഷുഭിതരായി. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമായി. പിന്നീട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ സംഘര്‍ഷാവസ്ഥ ചിത്രീകരിച്ച പ്രവര്‍ത്തകരുടെ കൂടെയുള്ള യുവാവിനെ വീഡിയോ ക്യാമറ സഹിതം പോലീസ് കസ്റ്റഡിയിലെടുത്തു.


ജാഥാക്യാപ്റ്റന്‍ സി എ റൗഫ്, കാമ്പസ്ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പ്രസിഡണ്ടുമായ മുഹമ്മദ് റിഫ, കെ എ മുഹമ്മദ് ഷമീര്‍, സംസ്ഥാന ട്രഷറര്‍ റഫീഖ് കല്ലായി, അന്‍സാര്‍ ചാവശ്ശേരി, കെ ഇല്യാസ് ആലപ്പുഴ, എന്‍ പി ഷഫീഖ് നീര്‍വേലി, വാഹനത്തിന്റെ ഡ്രൈവര്‍ ജാഫര്‍ കുറ്റിപ്പുറം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രചരണ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.







Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.