Latest News

കുററിക്കോലില്‍ പി. ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു

കുറ്റിക്കോല്‍:[www.malabarflash.com] സി.പി.എം ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയും കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ പി. ഗോപാലന്‍ മാഷ് സി.പി.ഐയില്‍ ചേര്‍ന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് കുറ്റിക്കോല്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി പാര്‍ട്ടിയിലേക്ക് പുതുതായി വന്നവരെ സ്വീകരിച്ചു.

തുടര്‍ന്ന് സി. അച്യുതമേനോന്‍ അനുസ്മരണം നടന്നു.
100ലേറെ സി.പി.എം പ്രവര്‍ത്തകരാണ് ഗോപാലന്‍ മാഷിനൊപ്പം സി.പി.ഐയില്‍ ചേരാനെത്തിയത്. പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ ലിസ്റ്റ് യോഗത്തില്‍ വായിച്ചു.

ഗോപാലന്‍ മാഷുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ദീര്‍ഘകാലമായി സി.പി.എമ്മില്‍ കലാപക്കൊടി ഉയര്‍ത്തിവരികയായിരുന്നു. ഒരു ഏരിയാ ഭാരവാഹിയുടെ അഴിമതി അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം കലാപക്കൊടി ഉയര്‍ത്തിയത്. ഗോപാലന്‍ മാഷിനെ ഒതുക്കാനായി ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

ഗോപാലന്‍ മാഷും കൂട്ടരും സി.പി.ഐയില്‍ ചേരുന്നതിനെ ചെറുക്കാന്‍ സി.പി.എം തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും നടന്നില്ല. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 13ന് ഗോപാലന്‍ മാഷുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. 

ഉദുമ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കുറയാന്‍ കാരണം ഗോപാലന്‍ മാഷിനെ ഒന്നിച്ചുകൂട്ടിയതുകൊണ്ടാണെന്ന ഏരിയാ കമ്മിറ്റിയുടെ പരാമര്‍ശം പിന്‍വലിക്കാമെന്നും ഏരിയാ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാമെന്നുമായിരുന്നു പിണറായി നല്‍കിയ ഉറപ്പ്. 

16ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ചേരുമെന്നും ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും പിണറായി ഉറപ്പുനല്‍കിയിരുന്നു. ഗോപാലന്‍ മാഷിനെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ചെങ്കിലും ചൊവ്വാഴ്ച നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഴിമതി അന്വേഷണം സംബന്ധിച്ച് തീരുമാനം ഉണ്ടായില്ല. ഇക്കാര്യം അറിയിക്കാനായി മുന്‍ എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, കെ. കുഞ്ഞിരാമന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വൈകിട്ട് 7 മണിയോടെ ഗോപാലന്‍ മാഷെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാല്‍ താന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇനി മടക്കമില്ലെന്നും ഗോപാലന്‍ മാഷ് നേതൃത്വത്തെ അറിയിച്ചു.

പാര്‍ട്ടി വിടുന്നതില്‍ മനസികമായി വിഷമമുണ്ടെന്ന് ഗോപാലന്‍ മാഷ് മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാല്‍ അന്തസ്സായി ജീവിക്കാന്‍ കടുത്ത തീരുമാനം എടുത്തേ മതിയാകു. പിണറായി ഉറപ്പ് പാലിച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ പിണറായിയുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും താന്‍ പലപ്പോഴും നടത്താറുള്ള സൗഹൃദകൂടിക്കാഴ്ചയില്‍ ഒന്നുമാത്രമായിരുന്നു അതെന്നും ഗോപാലന്‍ മാഷ് പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താന്‍ അത്രയൊന്നും താന്‍ വളര്‍ന്നിട്ടില്ലെന്നും ഗോപാലന്‍ മാഷ് പറഞ്ഞു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.