Latest News

പാസ്‌പോര്‍ട്ടിന് വ്യാജ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്: 11 പേര്‍ക്കെതിരെ കേസ്

മലപ്പുറം:[www.malabarflash.com] എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലെന്നു (ഇസിഎന്‍ആര്‍) രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വ്യാജ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയ 11 അപേക്ഷകര്‍ക്കെതിരെ കേസ്. വ്യാജരേഖ ചമയ്ക്കല്‍ ചൂണ്ടിക്കാട്ടി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസര്‍ നല്‍കിയ പരാതിയിലാണ് നടപടി.

അവര്‍ സമര്‍പ്പിച്ച നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആദ്യം ഓണ്‍ലൈന്‍ ഒത്തുനോക്കലിലും പിന്നീട് സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുത്തുള്ള പരിശോധനയിലും കണ്ടെത്തുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കുന്ന സംഘം സംസ്ഥാനത്ത് സജീവമാണെന്ന വിവരത്തെക്കുറിച്ചും അന്വേഷണമുണ്ടാകും.

പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയവരാണ് നിയമനടപടി നേരിടുന്നവരില്‍ അധികവുമെന്ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി. ശിവകുമാര്‍ പറഞ്ഞു. എസ്എസ്എല്‍സി ഇല്ലെങ്കില്‍ എമിഗ്രേഷന്‍ ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ട് ലഭിക്കുമായിരുന്നു. കേസ് നടപടികള്‍ തുടങ്ങിയ സ്ഥിതിക്ക് അവ പൂര്‍ത്തിയായ ശേഷമേ 11 പേര്‍ക്കും പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കുന്ന രേഖകള്‍ അതതു സര്‍ക്കാര്‍ ഏജന്‍സികളുമായി ഒത്തുനോക്കാന്‍ പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ട്.

ഓണ്‍ലൈന്‍ സംവിധാനത്തില്‍ സംശയം തോന്നിയാല്‍ നേരിട്ട് അയച്ചുകൊടുത്തു പരിശോധിക്കുകയാണു ചെയ്യുക. ഇത്തരത്തില്‍ ഓപ്പണ്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നോയിഡയിലെ ആസ്ഥാനത്തേക്ക് അയച്ചുകൊടുത്തു പരിശോധിച്ചതോടെയാണ് 11 പേരുടെയും തട്ടിപ്പ് പുറത്തായത്.







Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.